തിരുവനന്തപുരം:ഈ വർഷത്തെ വായനദിനം എത്തി. പക്ഷെ സ്കൂളുകളില്‍ ലൈബ്രേറിയന്‍ നിയമനം നടന്നില്ല.
ജൂണ്‍ 19ന് ഒരു വായന ദിനം കൂടി കടന്നു പോകുമ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും ലൈബ്രേറിയന്‍ ഇല്ലാതെയാണ് ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നത് . കോളജുകളില്‍ നിന്നും പ്രീഡിഗ്രി വേര്‍പെടുത്തി നിലവിലെ ഹൈസ്കൂളുകള്‍ക്കൊപ്പം സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ ആയിട്ടും ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ ലൈബ്രേറിയന്‍ എന്നൊരു തസ്തിക ഇല്ലാത്തത് സാംസ്‌കാരിക കേരളത്തിനു ഭൂഷണമായ ഒന്നല്ല . പ്രിന്‍സിപ്പല്‍ , അധ്യാപകര്‍ , ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകള്‍ ഹയര്‍ സെക്കന്റെറിയില്‍ അനുവദിച്ചപ്പോള്‍ ക്ലാര്‍ക്ക് , ലൈബ്രേറിയന്‍ , ഫുള്‍ ടൈം മെനിയല്‍ ( എഫ് ടി എം ) എന്നീ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ല . ക്ലാര്‍ക്ക് , ലൈബ്രേറിയന്‍ , എഫ് ടി എം തുടങ്ങിയ അനധ്യാപക തസ്തികകളില്‍ നിയമനം നടത്തണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും 2001 ലെ ഹയര്‍ സെക്കന്റെറി സ്പെഷ്യല്‍ റൂള്‍സില്‍ നിഷ്കര്‍ഷിച്ചിട്ടും ഇതു വരെയും അനുകൂല നടപടി ആയില്ല എന്നതാണ് സത്യം.
വായിച്ചു വളരണം എന്ന് പറയുകയും പഴയത് പോലെ കുട്ടികള്‍ പുസ്തകങ്ങള്‍ വായിക്കുന്നില്ല എന്ന് പരിഭവം പറയുകയും ചെയ്യുന്നവര്‍ അറിയണം പൂര്‍ണ്ണ സമയ ലൈബ്രേറിയന്‍ ഇല്ലാതെയാണ് സ്കൂളുകളില്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്നത് എന്ന് . പാഠ പുസ്തകങ്ങള്‍ക്ക് അപ്പുറത്തേക്ക് അറിവിന്‍റെ ലോകങ്ങള്‍ തേടി പ്പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങായി മാറേണ്ട സ്കൂള്‍ ലൈബ്രറികളെ ഇങ്ങനെ അങ്ങ് “ഒതുക്കാമോ”?
. കോടതി ഉത്തരവിനെ തുടര്‍ന്ന് പതിനായിരത്തില്‍ അധികം പുസ്തകങ്ങള്‍ ഉള്ള സ്കൂളുകളില്‍ ലൈബ്രേറിയന്‍ നിയമനം നടത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അത് നടപ്പിലായത് എറണാകുളം ജില്ലയിലെ കെ പി എം എച്ച് എസ് എസ് പൂത്തോട്ട യില്‍ മാത്രമാണ് അതും താല്‍ക്കാലിക നിയമനമാണ് നല്‍കിയത് . പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉള്ള മറ്റ് നിരവധി സ്കൂളുകള്‍ ഉണ്ട് സംസ്ഥാനത്ത് ഉണ്ട് എങ്കിലുംഅവിടെ ഒന്നും തന്നെ നിയമനം ഉണ്ടായിട്ടില്ല .
ലൈബ്രറി സയന്‍സ് യോഗ്യതയുള്ള ആയിരക്കണക്കിനായ ഉദ്യോഗാര്‍ത്ഥികള്‍ നിലനില്‍ക്കുമ്പോള്‍ സ്കൂളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് അധിക ഭാരമായി ലൈബ്രറി ചുമതല കൂടി നല്‍കുന്നത് എത്രത്തോളം ഗുണ പരമാകും എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി കളിലും അഞ്ഞൂറിന് മുകളില്‍ കുട്ടികള്‍ പഠിക്കുന്ന ഹൈ സ്കൂളുകളിലും ലൈബ്രേറിയന്‍ തസ്തിക അത്യന്താപേക്ഷിതമാണ് . അഞ്ഞൂറില്‍ താഴെ കുട്ടികള്‍ ഉള്ള സ്കൂളുകളില്‍ പാര്‍ട്ട് ടൈം ആയോ സ്കൂളുകള്‍ പൂള്‍ ചെയ്തോ ലൈബ്രേറിയനെ അനുവദിക്കണം.