തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഡിസംബർ 11ന് തിങ്കളാഴ്ച മനുഷ്യാവകാശ ദിനമായി ആചരിക്കും. മനുഷ്യാവകാശ ദിനമായ 2023 ഡിസംബർ 10 ഞായറാഴ്ചയായതിനാൽ, ഡിംസംബർ 11ന് രാവിലെ 11ന് സ്കൂളുകളിൽ ദിനാചരണ പരിപാടികൾ നടക്കും. അസംബ്ലി സെഷനിൽ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കണമെന്നും സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. വിദ്യാലയങ്ങൾക്ക് പുറമെ സംസ്ഥാനത്തെ എല്ലാ വകുപ്പുമേധാവികളും, ജില്ലാ കളക്ടർമാരും, പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും, അവരവരുടെ ഓഫീസുകളിലും അതത് വകുപ്പുകളുടെ ഭരണ നിയന്ത്രണത്തിലുളള ഓഫീസുകളിലും 11ന് മനുഷ്യാവകാശ പ്രതിജ്ഞ എടുക്കണം. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ മനുഷ്യാവകാശ നിയമത്തെ പ്രചരിപ്പിക്കുന്നതിനും, അവബോധം വർദ്ധിപ്പിക്കുന്നതിനുമായി എല്ലാ സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വർഷവും എല്ലാ സർക്കാർ ജീവനക്കാരും മനുഷ്യാവകാശ പ്രതിജ്ഞയെടുത്തുകൊണ്ട് മനുഷ്യാവകാശ ദിനം ആചരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മനുഷ്യാവകാശ പ്രതിജ്ഞ
“ഞാൻ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തിൽ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിർവ്യാജമായ വിശ്വസ്തയും കൂറും പുലർത്തുമെന്നും, ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി എൻ്റെ കർത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തി കൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവ്യദ്ധിക്കുവേണ്ടി പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.”