തിരുവനന്തപുരം:സ്കൂൾ അധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകൾക്ക് അവധി. നാളെ (നവംബർ 23ന്) ക്ലസ്റ്റർ നടക്കുന്ന മലപ്പുറം അടക്കമുള്ള വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധിയായിരിക്കും.
കൊല്ലം, കോട്ടയം, എറണാകുളം, വയനാട്, പാലക്കാട് (ഭാഗികമായി), തൃശ്ശൂർ (ഭാഗികമായി) ഒഴികെയുള്ള ജില്ലകളിൽ നാളെയാണ് ക്ലസ്റ്റർ. നാളെ (നവംബർ 23ന്) ജില്ലാ കലോത്സവങ്ങൾ നടക്കുന്നതിനാൽ എറണാകുളം, കൊല്ലം റവന്യൂ ജില്ലകളിൽ നവംബർ 28നാണ് ക്ലസ്റ്റർ പരിശീലനം.
കോട്ടയം ജില്ലയിൽ 29നും പാലക്കാട് ജില്ലയിൽ ( മണ്ണാർക്കാട് ചെറുപ്പളശ്ശേരി സബ് ജില്ലകൾ ഒഴികെ) നവംബർ 27നും വയനാട് നവംബർ 24നുമാണ് ക്ലസ്റ്റർ നടക്കുക. ഈ തീയതികളിൽ മേല്പറഞ്ഞ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധിയായിരിക്കും. ക്ലസ്റ്റർ നടക്കുന്ന നാളെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ഏകാദശി അവധിയായതിനാൽ ഈ താലൂക്കിൽ ഉൾപ്പെട്ട ജില്ലാ വിദ്യാഭ്യാസ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ അധികാര പരിധിയിൽ വരുന്ന സ്ക്കൂളുകളിൽ 24/11/2023 തീയതിയിലേക്ക് ക്ലസ്റ്റർ നിശ്ചയിച്ച് ക്രമീകരണം നടത്തുന്നതിന് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്നേ ദിവസം ഈ താലൂക് പരിധിയിൽ അവധിയായിരിക്കും. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകളിൽ നാളെ (23/11/2023) തന്നെ ക്ലസ്റ്റർ നടത്തേണ്ടതാണ്.
ഏതെങ്കിലും ജില്ലയിൽ ഉപജില്ലാ കലോത്സവങ്ങൾ നവംബർ 23നു നടക്കുന്നുണ്ടെങ്കിൽ പ്രസ്തുത ഉപ ജില്ലകളിൽ ക്ലസ്റ്റർ യോഗം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വെയ്ക്കുന്നതിന് അതതു വിദ്യാഭ്യാസ ഉപ ഡയറക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.