തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷം മുതൽ മാർക്ക് രേഖപ്പെടുത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ് മാത്രം രേഖപ്പെടുത്തുമെന്നാണ് 2025 മാര്‍ച്ചിൽ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം പരീക്ഷാര്‍ഥികള്‍ക്ക് യാതൊരു കാരണവശാലും മാർക്ക് വിവരം നല്‍കുന്നതല്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. മാര്‍ക്ക് അധിഷ്ഠിതമായ പരീക്ഷാസമ്പ്രദായം കുട്ടികളില്‍ കൂടുതല്‍ അനാരോഗ്യകരമായ മത്സരം ക്ഷണിച്ചുവരുത്തും. പഠനനിലവാരം കുറയുകയും കുട്ടികളില്‍ അമിത മാനസിക സമ്മര്‍ദമുണ്ടാവുകയും ചെയ്യുമെന്നാണ് ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.
മൂന്നുമാസം കഴിഞ്ഞ് ലഭിക്കുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് തടസ്സമാകുന്നു എന്ന വ്യാപക പരാതിയെ തുടർന്നാണ് ഈ വർഷം മുതൽ മാർക്ക് രേഖപ്പെടുത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഈ വർഷവും മാർക്ക് അറിയാൻ വഴിയില്ലെന്ന് ഉറപ്പായി. പ്ലസ്‌വണ്‍ പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മെറിറ്റനുസരിച്ച് റാങ്ക് പട്ടികയുണ്ടാക്കാന്‍ ഗ്രേഡിനൊപ്പം മാര്‍ക്കുകൂടകളുടെ രേഖപ്പെടുത്തണമെന്ന ആവശ്യമാണ് വിദ്യാഭ്യാസ വകുപ്പ് അവഗണിക്കുന്നത്. ബുദ്ധിമുട്ടി പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികൾക്ക് അവരുടെ മാർക്ക് അറിയാനുള്ള അവകാശം ഇല്ലേ എന്നാണ് രക്ഷിതാക്കളും ചോദിക്കുന്നത്.
90 മുതല്‍ 100 ശതമാനംവരെ മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥികളെ ഒന്നിച്ച് എ പ്ലസ് എന്ന ഒറ്റഗ്രേഡില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതകോഴ്‌സ് പ്രവേശനത്തിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ ഒട്ടേറെപ്പേര്‍ ഒരേ റാങ്കിലെത്തുന്നുവെന്ന സാങ്കേതിക പ്രശ്‌നം കഴിഞ്ഞവര്‍ഷങ്ങളിലെല്ലാം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പഠിച്ച് ഒന്നാമത് എത്തിയാലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാറ്. മുഴുവൻ മാർക്ക്പേ ലഭിക്കുന്നവർക്കും പേരിന്റെ ആദ്യാക്ഷരവും ജനനത്തീയതിയുംവരെ പരിഗണിച്ച് പ്രവേശനം നേടേണ്ട അവസ്ഥയാണ്.