തൃശൂർ:കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് കിരീടം. മേളയുടെ ആദ്യ ദിനം മുതൽ മുന്നിൽ നിന്ന പാലക്കാട് അവസാനദിനം വരെ മികവ് കാട്ടി. സംസ്ഥാന സ്കൂൾ കായികമേളയിലെ പാലക്കാടിന്റെ ഹാട്രിക് കീരീടമാണ് ഇത്. 266 പോയിന്റുമായാണ് പാലക്കാട് ഒന്നാമത്തെത്തിയത്. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവും നേടി. രണ്ടാമതുള്ള മലപ്പുറത്തിന് 168 പോയിന്റാണ് ലഭിച്ചത്. മലപ്പുറം 13 സ്വർണവും 22 വെള്ളിയും 20 വെങ്കലവും നേടി. 95 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. നാലാമതുള്ള എറണാകുളത്തിന് 88 പോയിന്റാണ്. മലപ്പുറത്തെ കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് സ്കൂൾ തുടർച്ചയായ രണ്ടാം വർഷവും സംസ്ഥാനത്ത് ഏറ്റവും പോയിന്റുകൾ നേടിയ മികച്ച സ്കൂളായി. ചാംപ്യൻപട്ടത്തിനായി കോതമംഗലം മാർ ബേസിലും ഐഡിയലുമായിരുന്നു മത്സരിച്ചത്.
57 പോയിന്റുമായി ഐഡിയൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന മാർ ബേസിൽ 47 പോയിന്റുമായി ഇത്തവണ രണ്ടാം സ്ഥാനം നേടി. കായികോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഠനത്തിലും കായിക രംഗത്തും കുട്ടികളെ മികച്ച രീതിയിൽ വളർത്തിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എ.സി.മൊയ്തീൻ എംഎൽഎ അധ്യക്ഷനായി.
എംഎൽഎമാരായ വി ആർ സുനിൽകുമാർ , സനീഷ് കുമാർ ജോസഫ് , പി മമ്മിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു.