തിരുവനന്തപുരം:വിദ്യാർത്ഥികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കാനായി കേന്ദ്രം ആവിഷ്കരിച്ച 2 ബോർഡ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യ പ്രകാരം തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 10, 12 ക്ലാസുകളിൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുമെങ്കിലും രണ്ട് പരീക്ഷയും എഴുതണം എന്ന് നിർബന്ധമില്ല. വാർഷിക പരീക്ഷയെ ഭയന്ന് മാനസിക സമ്മർദ്ദം ഏറുന്ന വിദ്യാർത്ഥികൾക്ക് സമ്മർദ്ദം കുറയ്ക്കുന്നതിനാണ് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം വർഷത്തിൽ 2 സെമസ്റ്റർ പരീക്ഷകൾ നടത്തുന്നത്. എന്നാൽ ഇത് കുട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ പോലെ വർഷത്തിൽ രണ്ടുതവണ (ക്ലാസ് 10, 12 ബോർഡ്) പരീക്ഷകൾ എഴുതാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇതിലൂടെ അവർക്ക് മികച്ച സ്കോർ നേടാൻ കഴിയും. എന്നാൽ ഇത് പൂർണ്ണമായും ഓപ്ഷണൽ ആയിരിക്കും. നിർബന്ധമില്ല എന്നും മന്ത്രി വർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു വർഷം നഷ്ടപ്പെട്ടു, അവരുടെ അവസരം പോയി അല്ലെങ്കിൽ മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്നെന്ന് വിചാരിച്ച് വിദ്യാർത്ഥികൾ പലപ്പോഴും സമ്മർദത്തിലാകുന്നുണ്ട്. ഒറ്റ അവസരത്തെക്കുറിച്ചുള്ള ഭയമാണിത്. ഇതേതുടർന്നുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നതിനാണ് 2 സെമസ്റ്റർ ബോർഡ് പരീക്ഷകൾ നടപ്പാക്കുന്നതെന്നും പ്രധാൻ പറഞ്ഞു.