തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത കേന്ദ്രത്തിന് കൈമാറാനുള്ള അവസാന തീയതി നാളെ അവസാനിക്കും. കേന്ദ്ര സർക്കാർ പോർട്ടലായ https://udiseplus.gov.in (UDISE+) ലാണ് വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്. വിവരങ്ങൾ കൈമാറാനുള്ള സമയപരിധി ഓഗസ്റ്റ് 30ന് അവസാനിച്ചിരുന്നു. പല സ്കൂളുകളും വിവരങ്ങൾ കൈമാറാത്തതിനെ തുടർന്നാണ് തീയതി നാളെ വരെ നീട്ടിയത്. സെപ്റ്റംബർ രണ്ടിന് വൈകിട്ട് 5നുള്ളിൽ അതത് സ്കൂളുകളിൽ നിന്ന് വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്നാണ് നിർദ്ദേശം.
കഴിഞ്ഞവർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ വിവരങ്ങളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ കേരളത്തിലെ സ്കൂളുകൾ ഓണം അവധിക്ക് ശേഷം സെപ്റ്റംബർ നാലിനാണ് തുറക്കുക. ഇതുകൊണ്ടുതന്നെ നാളെ വിവരങ്ങൾ കൈമാറാൻ കഴിയില്ല. കഴിഞ്ഞവർഷത്തെ പ്ലസ്ടു വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുന്നതും ബുദ്ധിമുട്ടാകും. വിവരങ്ങൾ കൈമാറുന്നതിനായി കൂടുതൽ സമയം അനുവദിക്കണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.