തിരുവനന്തപുരം:താത്കാലിക അധ്യാപകരുടെ വേതനം വേഗത്തിലാക്കാൻ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവായി. ധനവകുപ്പ് ആണ് ഉത്തരവിറക്കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ധനവകുപ്പിന്റെ ഇടപെടൽ. സർക്കാർ, എയിഡഡ് സ്‌കൂളുകളിലെ താൽക്കാലിക അധ്യാപകർക്ക് വേഗത്തിൽ വേതനം വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
ഡി. ജി. ഓഫീസിലെ ഡി. ഡി.ഒ. ആണ് താത്കാലിക അധ്യാപകർക്ക് വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പാർക്കിൽ രെജിസ്റ്റർ ചെയ്യുന്നത്. ഒരെണ്ണം രെജിസ്റ്റർ ചെയ്യാൻ ശരാശരി 15 മിനുട്ട് എടുക്കും. 11,200 താൽക്കാലിക അധ്യാപകരെ രെജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം വേണ്ടിവരും.ഈ പശ്ചാത്തലത്തിൽ ജില്ലാതലത്തിൽ ഡി.ഡി. മാർക്ക് കൂടി ഈ ചുമതല നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനോട് അഭ്യർത്ഥിക്കുകയായിരുന്നു. ഡി ഇ ഒ മാർക്ക് കൂടി ഈ ചുമതല നൽകുന്ന കാര്യം പരിഗണനയിലാണ്.