തിരുവനന്തപുരം:വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 48 ലക്ഷം രൂപയും കൊല്ലം ജില്ലയിൽ 68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയിൽ 17.38 ലക്ഷം രൂപയും ആലപ്പുഴ ജില്ലയിൽ 33.2 ലക്ഷം രൂപയും കോട്ടയം ജില്ലയിൽ 51.1ലക്ഷം രൂപയും ഇടുക്കി ജില്ലയിൽ 20.33ലക്ഷം രൂപയും എറണാകുളം ജില്ലയിൽ 66.88 ലക്ഷം രൂപയും തൃശ്ശൂർ ജില്ലയിൽ 81.96 ലക്ഷം രൂപയും പാലക്കാട് ജില്ലയിൽ 92.6 ലക്ഷം രൂപയും മലപ്പുറം ജില്ലയിൽ.2.08 കോടി രൂപയും കോഴിക്കോട് ജില്ലയിൽ 1.25 കോടി രൂപയും വയനാട് ജില്ലയിൽ 35.6 ലക്ഷം രൂപയും കണ്ണൂർ ജില്ലയിൽ 1.38 കോടി രൂപയും കാസർകോട് ജില്ലയിൽ 58.8 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക.
പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തി വരാത്ത വിദ്യാർഥികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനിയും സമയം അനുവദിക്കും. അനുവദിച്ച സമയത്ത് വിവരങ്ങൾ പോർട്ടലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.