തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക പീരിയഡുകൾ കാര്യക്ഷമമാക്കാൻ അതത് വിഭാങ്ങളിലെ അധ്യാപക ക്ഷാമം പ്രതിസന്ധിയാകുന്നു. നിലവിലെ കണക്ക് പ്രകാരം കേരളത്തിലെ 13,583 പൊതുവിദ്യാലയങ്ങളിൽ 1869 വിദ്യാലയങ്ങളിൽ മാത്രമാണ് കായികാധ്യാപകർ ഉള്ളത്. ഇതുകൊണ്ടുതന്നെ 86ശതമാനം സ്കൂളുകളിലും പിടി പീരിയഡുകൾ വെറുതെ പോകുകയാണ്. ഈ സാഹചര്യത്തിലാണ് സ്കൂളുകളിൽ കല -കായിക പീരിയഡുകൾ മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്നത്. പിടി പീരിയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
എന്നാൽ ഇത് പിടി പീരിയഡുകൾ എങ്ങനെ നടത്തും എന്ന ആശങ്കയിലാണ് അധ്യാപകർ. 1,2 ക്ലാസുകളിൽ ആഴ്ചയിൽ 2 പീരിയഡ്, 3മുതൽ 7വരെ ക്ലാസുകളിൽ ആഴ്ചയിൽ 3 പീരിയഡ്, എട്ടാം ക്ലാസിൽ 2 പീരിയഡ്, 9,10 ക്ലാസുകളിൽ ഒന്നുവീതം, ഹയർ സെക്കൻഡറിക്ക് 2 എന്നിങ്ങനെയാണ് ഇപ്പോൾ പിടി പീരിയഡ് അനുവദിച്ചിരിക്കുന്നത്. കായിക പരിശീലനത്തിന് പരിശീലനം നൽകാൻ സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളിലും അധ്യാപകരില്ല എന്ന വസ്തുത സർക്കാർ പരിഗണിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.