SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾ കലോത്സവങ്ങൾക്ക് തുടക്കമായി. സ്കൂൾ കലോത്സവങ്ങളുടെ സംസ്ഥാനതല ഔപചാരിക ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം കമലേശ്വരം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ചു.
61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി 3 മുതല്‍ 7 വരെ തീയതികളില്‍ കോഴിക്കോട് ജില്ലയില്‍ വച്ച് 28 വേദികളിലായിയാണ് നടക്കുന്നത് .
1957-ല്‍ എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിലെ ഏതാനും മുറികളില്‍ പന്ത്രണ്ട് ഇനങ്ങളും പതിനെട്ട് മത്സരങ്ങളുമായി ആരംഭിച്ച സ്കൂള്‍ കലോത്സവം, ഇന്ന് 61-ാമത് കലോത്സവത്തിലെത്തുമ്പോള്‍ 239 ഇനങ്ങളിലായി ഹയര്‍ സെക്കന്‍ററി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി ഏകദേശം 12,000 ത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നു.
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 105 ഉം സംസ്കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
സ്കൂള്‍തല മത്സരങ്ങൾ ഒക്ടോബര്‍ 19നകവും സബ്ജില്ലാ/ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30 നകവും പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍തല, സബ്ജില്ലാതല മത്സരങ്ങള്‍ സംസ്ഥാനത്തുടനീളം നടന്നുവരുന്നു.
കലോത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിന് 21 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രശസ്ത ശില്പി ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ രൂപകല്പന ചെയ്ത 117.5 പവന്‍ സ്വര്‍ണ്ണകപ്പ് ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് നല്‍കും.
1987 -ല്‍ കോഴിക്കോട് വച്ച് നടന്ന യൂത്ത് ഫെസ്റ്റിവലില്‍ മികച്ച ജില്ലയായി തെരഞ്ഞെടുത്ത തിരുവനന്തപുരം ജില്ലക്കായിരുന്നു ആദ്യമായി സ്വര്‍ണ്ണകപ്പ് ലഭിച്ചത്. സിനിമ, സാഹിത്യ, കവി സമ്മേളനങ്ങള്‍, നൃത്തരൂപങ്ങള്‍, നാടന്‍ പൈതൃക കലാരൂപങ്ങള്‍ അടങ്ങിയ സാംസ്കാരികോത്സവവും നടക്കുന്നു.
ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ വര്‍ഷവും മേളകള്‍ നടത്തുന്നത്.