SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: സംസ്ഥാനത്ത് ജനറൽ വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പേരിനോടൊപ്പം ഇനിമുതൽ
ബോയ്സ്, ഗേൾസ് എന്നീ തരംതിരിവ് പാടില്ല. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം
നൽകുന്ന സ്കൂളുകളിൽ പേരിനൊപ്പം ബോയ്സ് എന്നും ഗേൾസ് എന്നും നിലനിർത്തുന്നത് കുട്ടികൾക്ക്
കടുത്ത മാനസിക വിഷമതകൾ സൃഷ്ടിക്കുന്നു എന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി.
നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്ന ഹയർ സെക്കന്ററിതലം വരെയുള്ള
സ്കൂളുകളുടെ പേരിൽ ബോയ്സ് എന്നോ ഗേൾസ് എന്നോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ ആൺ/പെൺ വേർതിരിവില്ലാത്ത തരത്തിൽ പേര് പരിഷ്ക്കരിക്കാൻ നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
സ്കൂളുകൾ പ്രസ്തുത വിവരം അക്കൌണ്ടന്റ് ജനറൽ, ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർ,
വകുപ്പിൽ സ്കൂളിന്റെ പേര് കാണിക്കുന്ന സൈറ്റുകൾ, സ്പാർക്ക്, ട്രഷറി, തദ്ദേശ സ്വയംഭരണ സ്ഥാപനം മറ്റ് ബന്ധപ്പെട്ട ഓഫീസുകൾ, എന്നിവിടങ്ങളിൽ അറിയിച്ച് ആവശ്യമായ രേഖപ്പെടുത്തലുകൾ/തിരുത്തലുകൾ വരുത്തേണ്ടതും, അപ്രകാരം സ്കൂൾ രേഖകളിൽ മാറ്റം വരുത്തേണ്ടതും,
പുതുക്കിയ പേര് പ്രകാരമുള്ള നെയിം ബോർഡ് പ്രദർശിപ്പിക്കേണ്ടതുമാണ്.