ന്യൂഡൽഹി: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റ് കുറവ് എന്ന് ആരോപിച്ച് രണ്ട് അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചു . അഭിഭാഷകരായ ശ്യാം ദിവാനും അഡ്വ. സുൽഫിക്കർ അലിയുമാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് . ഈ അധ്യയന വർഷത്തിൽ മലപ്പുറം ജില്ലയിൽ സർക്കാർ സിലബസിൽ മാത്രം 75000 ത്തിലേറെ വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ വിജയിച്ചത് . സി ബി സ് ഇ , ഐ സി എസ് ഇ കുട്ടികൾക്ക് ഉൾപ്പെടെ മലപ്പുറം ജില്ലയിൽ 65035 സീറ്റുകളാണ് ആകെയുള്ളത് . വിദ്യാർത്ഥികളുടെ തുടർപഠനത്തിനുള്ള ആശങ്ക കണക്കിലെടുത്താണ് അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചത് .
അതെസമയം 37,840 സീറ്റുകളുള്ള തിരുവനന്തപുരം ജില്ലയിൽ 35,949 പേരാണ് പത്താം തരം പാസായത് . 14,515 പേർ ജയിച്ച പത്തനംതിട്ടയിൽ 16,121 സീറ്റുണ്ട് . എന്നാൽ വിദ്യാർഥികൾ കൂടുതലുള്ള മലപ്പുറം ജില്ലയിൽ പതിനായിരത്തോളം സീറ്റുകളുടെ കുറവാണെന്നും അഭിഭാഷകർ പറഞ്ഞു .
സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളില്ലാത്ത മൂന്നിയൂർ പഞ്ചായത്തിൽ എയ്ഡഡ് സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കാൻ വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു . അതുമായി ബന്ധപ്പെട്ട ഹൈകോടതി സിംഗിൾ ബെഞ്ച് മൂന്നു അധിക ബാച്ചുകൾ അനുവദിച്ചിരുന്നു. എന്നാൽ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിഷയത്തിൽ ഇടപെടേണ്ടതില്ല എന്ന കാരണത്താൽ ഇത് ഡിവിഷൻ ബെഞ്ച് റദ്ദാക്കി പകരം അധിക സീറ്റ് മതിയെന്ന സർക്കാർ നിലപാട് അംഗീകരിച്ചു . അതോടൊപ്പം മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റുകൾ കുറവാണെന്നും ആ കുറവുകൾ നികത്തണമെന്നും ഹൈകോടതി ഉത്തരവിട്ടിരുന്നു.
സർക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന അധിക ബാച്ച് സ്വകാര്യമേഖലക്ക് നൽകണമെന്ന് കോടതിക്ക് നിർദേശിക്കാനാവില്ല എന്നും സാമ്പത്തിക ബാധ്യതയുടെ പേരിൽ മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ ആവശ്യകത സംസ്ഥാന സർക്കാറിന് പരിഗണിക്കാതിരിക്കാനാവില്ല എന്നും ബെഞ്ച് സർക്കാറിനെ ഓർമിപ്പിച്ചു. അത് പരിഗണിച്ച് കൂടുതൽ എയ്‌ഡഡ്, അൺ എയ്‌ഡഡ് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു .