JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT
കണ്ണൂർ: കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകർ സ്കൂളിൽ വരാതെ മാറി നിൽക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇത്തരം അധ്യാപകരെ ഒരുതരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. തലശ്ശേരിയിൽ ചുണ്ടങ്ങാപൊയിൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിനായി എം.എൽ.എ അഡ്വ.എ.എൻ.ഷംസീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു കൂട്ടം അധ്യാപകരുടെ സ്വാർത്ഥ ചിന്തയുടെ പേരിൽ കുട്ടികളുടെ ആരോഗ്യം വച്ചുള്ള കളികൾക്ക് കൂട്ടുനിൽക്കാൻ സർക്കാറിന് കഴിയില്ലെന്നും എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല.എസ്.എസ് എൽ സി വിജയികൾക്ക് ഉപരിപഠനത്തിനായി സർക്കാർ 72 പ്ലസ് വൺ ബാച്ചുകളാണ് പുതുതായി അനുവദിച്ചത്. മലബാർ മേഖലയിൽ 20 ശതമാനം സീറ്റുകളും വർദ്ധിപ്പിച്ചു. കൊവിഡ് സ്കൂൾപഠനം പ്രതിസന്ധിയിലാക്കിയപ്പോൾ ഡിജിറ്റൽ മേഖലയിലേക്കും പിന്നീട് ജി സ്യൂട്ട് സംവിധാനത്തിലൂടെ ഓൺലൈൻ രീതിയിലും ക്ലാസുകൾ നടത്തി വിജയം കൈവരിക്കാൻ കേരള പൊതു വിദ്യാഭ്യാസ മേഖലക്ക് കഴിഞ്ഞു.ഇന്ത്യയിൽ കൊവിഡിനിടയിലും ബോർഡ് പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്താൻ കേരളത്തിനായി. ഇച്ഛാശക്തിയുള്ള ഗവൺമെൻ്റിൻ്റെ ഇടപെടലും ജനങ്ങളുടെ സഹകരണവുമാണ് ഇത് സാധ്യമാക്കിയത്.മന്ത്രി പറഞ്ഞു. ചുണ്ടാങ്ങപൊയിൽ സ്കൂളിന് ഒരു കെട്ടിടം കൂടി പണിയുന്നതിന് ഒരു കോടി രൂപ അനുവദിക്കണമെന്ന എ എൻ ഷംസീർ എംഎൽഎയുടെയും പി ടി എ യുടെയും അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അഡ്വ.എ എൻ ഷംസീർ എം എൽ എ അധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരനായ പൊന്ന്യം ചന്ദ്രൻ വരച്ച വിദ്യാഭ്യാസ മന്ത്രിക്കുള്ള ഉപഹാര ചിത്രം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനൽ മന്ത്രിക്ക് സമർപ്പിച്ചു.
സ്കൂളിലെ വിദ്യാർത്ഥിയായ നിവേദ് വരച്ച മന്ത്രിയുടെ ഛായാചിത്രവും മന്ത്രി ശിവൻകുട്ടി ഏറ്റുവാങ്ങി. കരാറുകാരനുള്ള ഉപഹാരം പി ടി എ പ്രസിഡണ്ട് പി ചന്ദ്രൻ നൽകി. ജില്ലാ പഞ്ചായത്ത് എൽ എസ് ജി ഡി എക്സിക്യുട്ടീവ് എഞ്ചിനിയർ സി എം ജാൻസി റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, വൈസ് പ്രസിഡണ്ട് ടി ടി റംല, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ, കതിരൂർ ഗ്രാമപഞ്ചായത്തംഗം ടി ധനലക്ഷ്മി, ഹയർ സെക്കണ്ടറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയരക്ടർ പി എൻ ശിവൻ, തലശ്ശേരി ഡി ഇ ഒ എ പി അംബിക, പ്രിൻസിപ്പൽ കെ കെ ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ എൻ പി രാജീവൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.