തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ച പ്ലസ് വൺ പരീക്ഷ ഓണം അവധി സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള ക്രമീകരണങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.
പ്ലസ്‌വൺ പരീക്ഷകൾ നടത്തണോ വേണ്ടയോ എന്നകാര്യത്തിൽ കൈക്കൊള്ളേണ്ട തീരുമാനം ഇന്ന് ഉച്ചയ്ക്കാണ് വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടത്. പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട്
അധ്യാപക സംഘടനകൾ ഭിന്നാഭിപ്രായം ഉയർത്തിയിരുന്നു.
കുട്ടികളുടെ പരീക്ഷ സംബന്ധിച്ച കാര്യമായതിനാൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയായിരുന്നു. ഇതനുസരിച്ചാണ് മുഖ്യമന്ത്രി പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.