തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിൽ ഈ അധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ ആവശ്യമായ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടത്. മെയ് 10നു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
വിവിധ കോഴ്‌സുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തിന് 370 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 160 രൂപയുമാണ് അപേക്ഷാ ഫീസ്. ഈ ഫീസ് നിരക്കില്‍ രണ്ട് കോഴ്‌സുകള്‍ക്ക് വരെ അപേക്ഷിക്കാം.
ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. ഒരു അധിക പ്രോഗ്രാമിന് 55 രൂപ കൂടി അധിക ഫീസ് നല്‍കണം. സര്‍വകലാശാലാ നാനോ സയന്‍സ് പഠനവിഭാഗം നടത്തുന്ന എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് ജനറല്‍ വിഭാഗത്തിന് 555 രൂപയും എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന വിജ്ഞാപനം, പ്രവേശന പരീക്ഷാ സമയക്രമം തുടങ്ങിയവയുടെ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407016, 2407017
പുനര്‍മൂല്യനിര്‍ണയ ഫലം
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ്, പോളിമര്‍ കെമിസ്ട്രി നവംബര്‍ 2019 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.