സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു: കോവിഡ് ചട്ടങ്ങൾ പാലിച്ച് ഷിഫ്റ്റ് സമ്പ്രദായത്തിൽ പഠനം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 10,12 ക്ലാസുകളിലെ പഠനം ആരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ അടച്ചുപൂട്ടിയ സ്കൂളുകളിൽ 9 മാസങ്ങൾക്ക് ശേഷമാണ് ഭാഗികമായി അധ്യയനം പുന:രാരംഭിക്കുന്നത്. സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ രാവിലെ 8ന് തന്നെ അധ്യാപകർ എത്തിയിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ നടക്കുന്നതിനാൽ 9 മുതൽ പലയിടത്തും ക്ലാസുകൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കർശന മാർഗനിർദേശങ്ങൾ പാലിച്ചാണ് ഓരോ വിദ്യാർത്ഥിയെയും ക്ലാസിൽ പ്രവേശിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ 50 ശതമാനം വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. ഒരു ബഞ്ചിൽ പരമാവധി 2 കുട്ടികളെ മാത്രമാണ് ഇരുത്തുന്നത്.

ആദ്യ ഷിഫ്റ്റ് രാവിലെ 9ന് അല്ലെങ്കിൽ 10ന് ആരംഭിച്ച് ഒരു മണിക്കുള്ളിൽ അവസാനിക്കും. രണ്ടാമത്തെ ഷിഫ്റ്റ്. രണ്ടിന് ആരംഭിച്ച് വൈകിട്ട് 5നുള്ളിൽ അവസാനിക്കും. സ്‌കൂളിൽ കുറഞ്ഞത് രണ്ടു മീറ്റർ എങ്കിലും വിദ്യാർത്ഥികളും, അധ്യാപകരും അകലം പാലിച്ചിരിക്കണം എന്നാണ് നിർദേശം. ഓരോ ബാച്ചിന്റെയും ക്ലാസ് തുടങ്ങുന്ന സമയം, ഇടവേള, അവസാനിക്കുന്ന സമയം എന്നിവ വ്യത്യസ്തമായി ക്രമീകരിച്ചിരിക്കാനും നിർദേശമുണ്ട്. കോവിഡ് പ്രധിരോധനത്തിനായി രണ്ട് ദിവസം മുൻപ് തന്നെ സ്‌കൂളുകളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മാസ്ക്, സാനിറ്റയിസർ, ഡിജിറ്റൽ തെർമോമീറ്റർ, സോപ്പ് തുടങ്ങിയവ സ്ക്കൂളുകളിൽ ഉറപ്പ് വരുത്തണമെന്ന് വീണ്ടും നിർദേശിക്കുണ്ട് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനായി സ്‌കൂൾ പരിസരങ്ങളിൽ സൂചനാബോർഡുകൾ, സ്റ്റിക്കറുകൾ, പോസ്റ്ററുകൾ, എന്നിവ പതിപ്പിക്കണം. മാതാപിതാക്കളുടെ സമ്മതപത്രത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തേണ്ടത്.

Share this post

scroll to top