കാസർകോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി \’മാഷ് പദ്ധതി\’യില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അധ്യാപകര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍. കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കിയ മാഷ് പദ്ധതിയില്‍ നിലവില്‍ 800 അധ്യാപകരാണുള്ളത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിയോഗിക്കപ്പെട്ട വാര്‍ഡില്‍ തുടര്‍ച്ചയായി 14 ദിവസം കോവിഡ് രോഗികളുടെ എണ്ണം പൂജ്യമാവുകയും പിന്നീടുള്ള 14 ദിവസം രോഗികള്‍ ഇല്ലാതിരിക്കുകയുമാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്‌ഡം. ഇങ്ങനെ 100 മാര്‍ക്ക് ലഭിക്കുന്ന വാര്‍ഡുകളിലെ അധ്യാപകരെയാണ് ഗുഡ്‌സര്‍വ്വീസ് എന്‍ട്രിയ്ക്ക് പരിഗണിക്കുക.
ഇതിനായി ഓരോ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. മാഷ് പദ്ധതിയിലെ അധ്യാപകരുടെ എണ്ണം ഇരട്ടിയാക്കും. ഓരോ വാര്‍ഡിലും രണ്ട് അധ്യാപകരെ ചുമതലപ്പെടുത്തും. ബാക്കിയുള്ള അധ്യാപകരുടെ സേവനം അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തും. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മാഷ് പദ്ധതി മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നത് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്തുന്നതിന് സഹായകരമായിട്ടുണ്ടന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. കേരളത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവ നിര്‍ബന്ധമാണെന്ന ബോധവത്കരണം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കും. കോവിഡ് 19 നിര്‍ദ്ദേശം പാലിക്കുന്നുണ്ടോയെന്ന് കളി സ്ഥലങ്ങളിലും കടകളിലും മാഷ് പദ്ധതിയിലെ അധ്യാപകര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും.