കോഴിക്കോട്:സംസ്ഥാനത്തെ പ്രതിസന്ധി ഘട്ടങ്ങളിൽ സമൂഹത്തിന് മാതൃകയാകുന്ന നിലപാടുകൾ സ്വീകരിച്ച മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ കോവിഡ് പ്രതിരോധത്തിലും മാതൃകയാവുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരും, ജീവനക്കാരും, മാനേജ്മെൻ്റും ചേർന്ന് 51ലക്ഷം രൂപ നൽകി.
വിദ്യാഭ്യാസ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ വ്യത്യസ്തമായ സംഭാവനകൾ നൽകിവരുന്ന ഈ ഗ്രാമീണ വിദ്യാലയം ഇത് നാലാം തവണയാണ് സർക്കാരിൻ്റെ അഭ്യർത്ഥനകൾ മാനിച്ച് സാമൂഹിക ഉത്തരവാദിത്വം നിർവ്വഹിച്ചത്. നേരത്തെ ഓഖി ദുരന്തം ഉണ്ടായപ്പോൾ സർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ച് മുഴുവൻ അധ്യാപകരും, ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. പിന്നീട് വന്ന 2018 ലെ പ്രളയം ഒരു നാടിനെ വിറങ്ങലിപ്പിച്ച സന്ദർഭത്തിലും സർക്കാരിന് പൂർണ്ണ പിന്തുണ നൽകി മുഴുവൻ അധ്യാപകരും, ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിൽ നൽകി മാതൃകയായി. പ്രളയക്കെടുതിയിൽ മുഴുവൻ പേരും സ്വഭാവന നൽകിയ ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്ന് മേമുണ്ടയായിരുന്നു. അതേ വർഷം തന്നെ വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് 5 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. കഴിഞ്ഞ വർഷത്തെ പ്രളയ സമയത്ത് സ്കൂളിലെ ഓണാഘോഷം ഒഴിവാക്കി വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും, ജീവനക്കാരും ചേർന്ന് 5 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സ്കൂളിലെ വജ്ര ജൂബിലി കെട്ടിട നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ മുഴുവൻ അധ്യാപകരും, ജീവനക്കാരും ചേർന്ന് ഒരു കോടി രൂപ ബിൽഡിങ്ങ് ഫണ്ടിലേക്ക് നൽകി നാടിൻ്റെ യശസ്സ് ഉയർത്തിപ്പിടിച്ചു.
വിവിധ സ്ഥലങ്ങളിലെ, രോഗികളുടെ ചികിത്സാ സഹായത്തിനും, വീട് നിർമ്മാണത്തിനും, കുടുംബ സഹായ നിധിയിലേക്കുമെല്ലാം വേണ്ടി ബന്ധപ്പെട്ടവർ സമീപിക്കുമ്പോൾ ഒരു തടസ്സവുമില്ലാതെ ഓരോ വർഷവും അഞ്ച് ലക്ഷത്തോളം രൂപ സംഭാവന നൽകിയും മേമുണ്ട വേറിട്ടു നിൽക്കുന്നു.
0 Comments