തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സ്കൂളുകളുടെ ഫിറ്റ്നെസ് ഉറപ്പാക്കുന്ന നടപടികൾ പ്രതിസന്ധിയിൽ. ഓരോ സ്കൂളിനും അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടത്. സർട്ടിഫിക്കറ്റ് ലഭിക്കാൻ മറ്റ് 5 വകുപ്പുകളുടെ എൻഒസി നിർബന്ധമാണ്. ഇത് സംഘടിപ്പിക്കാനുള്ള പ്രയാസങ്ങളും എല്ലാ കെട്ടിടങ്ങളിലും അഗ്നിരക്ഷാ സംവിധാനങ്ങൾ വേണമെന്നതുൾപ്പെടെയുള്ള നി ബന്ധനകളുമാണ് വെല്ലുവിളി. അഗ്നിരക്ഷാ സംവിധാനങ്ങൾ നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതിയും പല സ്കൂളുകൾക്ക് ഇല്ല.
വനം, ആരോഗ്യം, മോട്ടർവാഹന വകുപ്പ്, കെഎസ്ഇബി, ഫയർ ഫോഴ്സ് എന്നിവയിൽ നിന്നുള്ള എൻഒസി ആണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അത്യാവശ്യമായി വേണ്ടത്. ഈ വകുപ്പുകളുടെ പ്രതിനിധികളെയടക്കം ഉൾപ്പെടുത്തി എല്ലാ സ്കൂളുകളിലും സുരക്ഷ മേൽനോട്ടസമിതി രൂപീകരിച്ച് അവർ സാക്ഷ്യപ്പെടുത്തിയ ചെക്ക് ലിസ്റ്റ് സഹിതം ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി അപേ ക്ഷിക്കണമെന്നാണു കഴിഞ്ഞ നവംബറിൽ ആരോഗ്യവകുപ്പ് ഇറക്കിയ സർക്കുലറിൽ ഉള്ളത്. എന്നാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ നിർദേശമൊന്നും നൽകിയിട്ടില്ല. ഇതുകൊണ്ട് തന്നെ സ്കൂളുകളിൽ മേൽനോട്ട സമിതി രൂപീകരണവും നടന്നിട്ടില്ല.
ഫയർ ഫോഴ്സിൽ പരിശോധ നയ്ക്കായി 20,000 രൂപ മുൻകൂറായി അടയ്ക്കണം എന്ന് പറയുന്നു. ഇതിനുപുറമെ അഗ്നിരക്ഷാ സംവിധാനങ്ങൾ ഘടിപ്പിക്കാനുള്ള ചെലവും കണ്ടെത്തണം. പുതിയ സർക്കാർ ഇതുവരെ അധികാര മേൽക്കാത്ത സാഹചര്യത്തിൽ തുടർ നടപടികളോ നിദേശങ്ങളോ ഉണ്ടാകുന്നുമില്ല. വിവിധ വകുപ്പുകളിൽ നിന്ന് എൻഒസി ലഭിക്കാൻ തടസ്സമുണ്ടെങ്കിൽ സ്കൂൾ മേധാവി മേലുദ്യോഗസ്ഥർ വഴി മെയ് 15ന് മുൻപ് ജില്ലാ കലക്ടറെ അറിയിക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.








