തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15നും പ്ലസ് ടു ഫലം 22നും പ്രഖ്യാപിക്കും. രണ്ടു പരീക്ഷാഫലങ്ങളും വൈകിട്ട് 3നാണ് പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനം നടന്ന ഒരു മണിക്കൂറിനു ശേഷം ബന്ധപ്പെട്ട സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. രണ്ടാം വർഷ ഇംപ്രൂവ്മെന്റ് ഫലം മെയ് 8 നും ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ 10 നും പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കുന്നതാണ്.
ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറിപരീക്ഷാ ഫല പ്രഖ്യാപനം മെയ് 22നാണ്. പരീക്ഷാ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ മൂല്യനിർണ്ണയ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിഴവുകൾ വരുത്തുന്ന സ്കൂൾ അധികാരികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.








