തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പിരീയഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്ന നിർദേശം പ്രധാന അധ്യാപകർ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം. ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കർശനമായി നടപ്പാക്കണം എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രധാന അധ്യാപകർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. നിർദേശം പ്രധാന അധ്യാപകർ നടപ്പാക്കുന്നുണ്ടോ എന്ന് അതത് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
കലാ- കായിക -പ്രവൃത്തിപരിചയ പിരീയഡുകൾ മറ്റു വിഷയങ്ങൾക്കായി മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി നേരത്തെ ബാലവകാശ കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. പുതിയ പാഠ്യപദ്ധതിയിൽ എൽപിമുതൽ ഹയർസെക്കൻഡറിവരെ കലാ-കായിക വിദ്യാഭ്യാസം നിബന്ധമാണ്. പ്രൈമറിയിൽ കളികളുമായി സംയോജിപ്പിച്ചാണ് പഠനം നടത്തേണ്ടത്. യുപിയിൽ ആഴ്ചയിൽ മൂന്നു പിരീയഡും എട്ടാംക്ലാസിൽ രണ്ട് അല്ലെങ്കിൽ മൂന്ന് പിരീയഡും ഒൻപതാം ക്ലാസിൽ രണ്ട് പിരീയഡും പത്താം ക്ലാസിൽ ഒരു പിരീയഡും വേണമെന്നാണ് നിർദേശം.
എന്നാൽ ഈ പിരീയഡുകളിൽ അധ്യാപകർ മറ്റു വിഷയങ്ങൾ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ കാണിക്കാൻ കലാ-കായിക പിരീയഡുകൾ നിശ്ചയിച്ചുള്ള ഒരു ടൈംടേബിളും അധ്യാപകർക്ക് പഠിപ്പിക്കാൻ മറ്റൊരു ടൈംടേബിളും തയ്യാറാക്കുന്നതായും പരാതിയുണ്ട്. ഇത് ചൂണ്ടിക്കട്ടിയാണ് കൊല്ലം പോരുവഴി സ്വദേശിയായ അധ്യാപകൻ എൽ. സുഗതൻ പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിച്ചത്. എന്നാൽ
ഇത്തരത്തിൽ കലാ-കായിക പിരീയഡുകൾ പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകർ സംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ല എന്നതാണ് യാഥാർഥ്യം.







.jpg)



