തിരുവനന്തപുരം: 2026ലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) പരീക്ഷ തീയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. എൻഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐടി)കൾ, മറ്റു കേന്ദ്ര സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ ബിരുദതല എഞ്ചിനീയറിങ്, സയൻസ്, ആർകിടെക്ച്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിന് നടത്തുന്ന ദേശീയ തല പ്രവേശന പരീക്ഷയാണ് ജെഇഇ. 2026 ജനുവരി, ഏപ്രിൽ മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്തുക. ഒന്നാംഘട്ട പരീക്ഷ ജനുവരി 21 മുതൽ 30 വരെ നടക്കും. രണ്ടാംഘട്ട പരീക്ഷ ഏപ്രിൽ ഒന്നുമുതൽ 10വരെ നടക്കും. ഒന്നാംഘട്ട പരീക്ഷകൾക്കുള്ള അപേക്ഷകൾ ഈ മാസം സമർപ്പിക്കണം. https://jeemain.nta.nic.in/ വഴി അപേക്ഷ നൽകാം.
ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശത്ത് ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കരുത്. വിദേശത്ത് ഉപരി പഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് അപേക്ഷിക്കാൻ സാധിക്കുകയുളളൂ. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിയ്ക്ക് കോഴ്സ് കാലാവധിക്കുളളിൽ പരമാവധി 5,00,000/- രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. അപേക്ഷകര്‍ക്ക് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഒക്ടോബർ 31 വൈകിട്ട് 5 നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവും http://minoritywelfare.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 0471-2300523, 0471-2300524, 0471-2302090.