തിരുവനന്തപുരം: ഹോസ്റ്റലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണിൽ പശ ഒഴിച്ച് സഹപാഠികളുടെ ക്രൂര വിനോദം. കണ്ണുകൾ ഒട്ടിപ്പിടിച്ച് അവശനിലയിലായ 3,4,5 ക്ലാസ് വിദ്യാർഥികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കാന്ധമൽ ജില്ലയിലെ സലാഗുഡയിലുള്ള സേവാശ്രമം സ്‌കൂളിലെ ഹോസ്റ്റലിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികൾ ഹോസ്റ്റൽ മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് മറ്റു കുട്ടികളുടെ ക്രൂരത. കുട്ടികൾ ഉണർന്നപ്പോൾ കൺപോളകൾ ഒട്ടിയ അവസ്ഥയിലായിരുന്നു.
എട്ട് പേരിൽ 7കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ജില്ലാ ഭരണകൂടം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ പ്രധാന അധ്യാപകനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
തിരുവനന്തപുരം:ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിലെ പാദവാർഷിക പരീക്ഷാ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി സെപ്റ്റംബർ 13മുതൽ 29വരെ നടക്കും. ഒന്നാംപാദ വാർഷിക (ഓണപ്പരീക്ഷ) പരീക്ഷയിൽ ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്കാണ് സ്കൂളുകളിൽ പഠന പിന്തുണ ക്ലാസുകൾ നടത്തുക. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 12ന് രക്ഷിതാക്കളുടെ യോഗം സ്കൂളുകളിൽ വിളിച്ചു ചേർക്കും. പാദവാർഷിക ആത്യന്തികവിലയിരുത്തലിന്റെ ഉത്തരക്കടലാസ് മൂല്യനിർണ്ണയം കഴിഞ്ഞ ദിവസം പൂർത്തിയായി. കട്ടികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ടാണ് വിദ്യാലയങ്ങളിലെ പഠനപ്രവർത്തനങ്ങളും അതിന്റെ വിലയിരുത്തൽ പ്രക്രിയയും വിഭാവനം ചെയ്തിട്ടുള്ളത്. അതത് ക്ലാസിലെ പഠനലക്ഷ്യങ്ങൾ കൃത്യമായി നേടിയെന്ന് ഉറപ്പുവരുത്തുകയും തുടർപഠനം സുഗമമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.