തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് സെപ്റ്റംബർ 30വരെ രജിസ്റ്റർ ചെയ്യാം. അപാർ ഐഡിയുള്ള വിദ്യാർഥികൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. എന്നാൽ വിദേശരാജ്യങ്ങളിലെ സിബിഎസ്ഇ സ്കൂളുകളെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്താം ക്ലാസിൽ ഈ വർഷം മുതൽ 2 ബോർഡ് പരീക്ഷകൾ ഉണ്ട്. ഇതിൽ ആദ്യത്തെ പരീക്ഷയുടെ രജിസ്‌ട്രേഷൻ ആണ് ആരംഭിച്ചത്.

10–ാം ക്ലാസിലെ 2 ബോർഡ് പരീക്ഷകളിൽ ആദ്യത്തേത് എല്ലാ വിദ്യാർഥികളും എഴുതണം. വിദ്യാർഥികൾക്ക് 5 വിഷയങ്ങൾക്ക് 1600 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഓരോ അധിക വിഷയത്തിനും 320 രൂപ കൂടി നൽകണം. ഇന്ത്യയ്ക്കു പുറത്തുള്ളവർക്ക് 5 വിഷയങ്ങൾക്കു 11,000 രൂപ ഫീസ് അടയ്ക്കണം. വിദേശത്ത് ഓരോ അധിക വിഷയത്തിനും 2200 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് https://cbse.gov.in സന്ദർശിക്കുക.

എംഎഡ് പ്രവേശനം:അപേക്ഷ 12വരെ
തിരുവനന്തപുരം:കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 12ന് വൈകീട്ട് 4വരെ അപേക്ഷ നൽകാം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷാ ഫീസ് : എസ്.സി. / എസ്.ടി. – 410/- രൂപ, മറ്റുള്ളവർ 875/- രൂപ. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും (ജനറല്‍, മാനേജ്മെന്റ്, ഭിന്നശേഷി, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ രജിസ്ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമര്‍പ്പിക്കണം. ഭിന്നശേഷി സംവരണ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.