തിരുവനന്തപുരം:വിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. ജൂലൈ 17-ന് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവം ദുഃഖകരമാണ്. ഇത് നമ്മുടെയെല്ലാം കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്. ഓരോ വിദ്യാലയവും വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണം. അവിടെ അവർക്ക് ഒരു അപകടവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെയെല്ലാം കടമയാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പും, എനർജി മാനേജ്മെൻ്റ് സെൻ്റർ കേരളയും (ഇഎംസി) സംയുക്തമായി സംഘടിപ്പിച്ച പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത നൂറ് അധ്യാപകർക്ക് നേരിട്ടും, മറ്റ് അധ്യാപകർക്ക് ഓൺലൈനായുമാണ് പരിശീലനം നൽകുന്നത്. ‘വൈദ്യുത സുരക്ഷയും ഊർജ്ജ സംരക്ഷണവും’ എന്ന വിഷയത്തിൽ പരിശീലനം നേടുന്ന ഇവർ പിന്നീട് ഓരോ വിദ്യാലയത്തിലെയും പരിശീലകരായി മാറും.

രണ്ടാം ഘട്ടത്തിൽ, ആദ്യഘട്ടത്തിൽ പരിശീലനം നേടിയ അധ്യാപകർ അവരുടെ സ്കൂളുകളിൽ മറ്റ് അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും ക്ലാസുകൾ നൽകും. ഇതിനായി ഇഎംസിയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ചേർന്ന് തയ്യാറാക്കിയ കൈപ്പുസ്തകവും പവർപോയിൻ്റ് അവതരണവും ഉപയോഗിക്കാം. ഈ പരിശീലനം എല്ലാ സ്കൂളുകളിലും നിർബന്ധമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കും.
ഈ സംരംഭം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും മനസ്സിൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തും. മിഥുൻ്റെ ദാരുണമായ അനുഭവം ഒരു പാഠമാകണം. അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഓരോരുത്തരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
