തിരുവനന്തപുരം: സ്കൂളുകൾ തുറന്ന് ഒരുമാസം പിന്നിട്ടിട്ടും വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല. ഓരോ അധ്യയന വർഷത്തിലും സ്കൂളുകളുടെ അവധിയും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ച് തയ്യാറാക്കുന്നതാണ് വിദ്യാഭ്യാസ കലണ്ടർ. എല്ലാ വർഷവും സ്കൂൾ തുറക്കുന്നതോടൊപ്പം കലണ്ടർ പുറത്തിറക്കാറുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് തയാറാക്കുന്നത്. സ്കൂളുകളിലെ ഒന്നാംപാദ പരീക്ഷകൾ, അർദ്ധ വാർഷിക പരീക്ഷകൾ, വാർഷിക പരീക്ഷകൾ, ഓണം, ക്രിസ്മസ് അവധി ദിനങ്ങൾ എന്നിവ അടക്കമുള്ള എല്ലാ കാര്യങ്ങളും ഇതിലൂടെയാണ് അധ്യാപകർ അറിയുന്നത്. ഇതിനു പുറമെ ശനിയാഴ്ചകളിലെ പ്രവർത്തി ദിനങ്ങൾ അടക്കം കലണ്ടറിൽ ഉണ്ടാകും. സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയുടെ വിശദ വിവരങ്ങളും കലണ്ടറിൽ നിന്നാണ് അറിയുന്നത്.
വിദ്യാർത്ഥികൾക്ക് സംസ്കൃതം സ്കോളർഷിപ്പ്, ടാലന്റ് സേർച്ച് തുടങ്ങിയ പരീക്ഷകൾക്ക് അപേക്ഷിക്കേണ്ട സമയവും ഇത്തരം പരീക്ഷകൾ നടക്കുന്നസമയം ഉണ്ടാകും. വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങാത്തത് അധ്യാപകരെ വെട്ടിലാക്കിയിട്ടുണ്ട്.