തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം. ജൂൺ 2ന് സ്കൂളുകൾ തുറന്നാൽ രണ്ടാഴ്ച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടത്തുക. വിദ്യാർഥികളിൽ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകൾ. ലഹരി ഉപയോഗം തടയൽ, അക്രമവാസന തടയൽ, വാഹന ഉപയോഗം, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതൽ നശീകരണം ഒഴിവാക്കുക, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈൽ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റൽ ഡിസിപ്ലിൻ, ആരോഗ്യകരമല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും കുട്ടികൾക്ക് ക്ലാസുകൾ നൽകുക.
പൊലീസ്, എക്സൈസ്, ബാലാവകാശ കമ്മീഷൻ, സോഷ്യൽ ജസ്റ്റിസ്, എൻഎച്ച്എം, വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ്, എസ്.സി.ഇ.ആർ.ടി, കൈറ്റ്, എസ്എസ്കെ എന്നിവയുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. ഹയർ സെക്കന്ററി ക്ലാസുകൾ ഒഴിവാക്കി ഒന്നു മുതൽ 10വരെ ക്ലാസുകളിലാണ് ഈ പാഠ്യപദ്ധതി നൽകുക. ആദ്യ രണ്ടാഴ്ചത്തെ ക്ലാസുകൾക്ക് ശേഷം പാഠപുസ്തകങ്ങളുടെ പഠനം ആരംഭിക്കും. ജുലൈ 18 മുതൽ ഒരാഴ്ചയും ഇത്തരത്തിലുള്ള ക്ലാസുകൾ സംഘടിപ്പിക്കും. ഇതിന്റെ മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുകയാണ്.