തിരുവനന്തപുരം:ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ നിയമനത്തിനുള്ള അപേക്ഷ സമർപ്പണം ജനുവരി 17മുതൽ ആരംഭിക്കും. 17മുതൽ ഫെബ്രുവരി 6വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കമ്മിഷൻഡ് ഓഫീസർ/പൈലറ്റ്/നാവിഗേറ്റർ/എയർമെൻ തസ്തികകൾക്ക് പുറമെയുള്ള നിയമനമാണ്. 50ശതമാനം മാർക്കോടെ മാത്സ്, ഫിസിക്സ്, ഇംഗ്ലീഷ് പഠിച്ച് പ്ലസ് ടു വിജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ഇംഗ്ലീഷിന് 50ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അല്ലെങ്കിൽ 50ശതമാനം മാർക്കോടെ 3 വർഷ എൻജിനിയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐടി) വിജയിക്കണം. ഇംഗ്ലിഷിന് 50ശതമാനം മാർക്ക് വേണം. ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50ശതമാനം മാർക്ക് വേണം. അതല്ലെങ്കിൽ 50ശതമാനം മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം (ഫിസിക്സ്, മാത്സ് പഠിച്ച്). (ഇംഗ്ലിഷിന് 50ശതമാനം മാർക്ക് വേണം. വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50ശതമാനം മാർക്ക് വേണം. സയൻസ് ഇതര വിഷയങ്ങളിൽ 50ശതമാനം മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. (ഇംഗ്ലീഷിന് 50ശതമാനം മാർക്ക് വേണം). അല്ലെങ്കിൽ 50ശതമാനം മാർക്കോടെ 2 വർഷ വൊക്കേഷണൽ കോഴ്സ് ജയം. (ഇംഗ്ലീഷിന് 50ശതമാനം മാർക്ക് വേണം). വൊക്കേഷണൽ കോഴ്സിന് ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ പ്ലസ് ടു/പത്താം ക്ലാസിൽ ഇംഗ്ലീഷിന് 50ശതമാനം മാർക്ക് നേടിയിരിക്കണം. സയൻസ് പഠിച്ചവർക്കു സയൻസ് ഇതര വിഭാഗങ്ങളിലേക്കും അവസരം ഉണ്ട്. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുമ്പോൾ ഇവർക്കു സയൻസ്, സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയിൽ ഒറ്റ സിറ്റിംഗിൽ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.
എൻറോൾ ചെയ്യുമ്പോൾ ഉയർന്ന പ്രായപരി 21 വയസാണ്. 250 രൂപ ഓണ്‍ലൈൻ ഫീസ് അടച്ചു അപേക്ഷിക്കാം. അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഓണ്‍ലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ നടത്തും. മാർച്ച് 17 മുതലാണ് ഓണ്‍ലൈൻ ടെസ്റ്റ് ആരംഭിക്കുക. പുരുഷൻമാർ 7 മിനിറ്റിൽ 1.6 കിലോമീറ്റർ ഓടി കായിക ക്ഷമത തെളിയിക്കണം. നിശ്ചിത സമയത്തിനുള്ളിൽ 10 പുഷപ്, 10 സിറ്റപ്, 20 സ്ക്വാട്സ് എന്നിവ പൂർത്തിയാക്കണം. വനിതകൾ 8 മിനിറ്റിൽ 1.6 കിലോമീറ്റർ ഓടണം. നിശ്ചിതസമയത്തിനുള്ളിൽ 10 സിറ്റപ്, 15 സ്ക്വാട്സ് എന്നിവ പൂർത്തിയാക്കണം.
പുരുഷന്മാർക്ക് കുറഞ്ഞത് 152.5 സെമീ ഉയരവും സ്ത്രീകൾക്ക് 152 സെ.മീ ഉയരവും വേണം. പുരുഷന്മാർക്കു നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം. ഉയരത്തിനും പ്രായത്തിനും ആനുപാതികമായ തൂക്കം വേണം. ഓരോ കണ്ണിനും 6/12, (കണ്ണടയോടെ 6/6 ) കാഴ്ച ശക്തി വേണം. കൂടുതൽ വിവരങ്ങൾക്ക് https://agnipathvayu.cdac.in സന്ദർശിക്കുക.