വയനാട്: ഞങ്ങളുടെ ടീച്ചർ പൊളിയാണ്..! വയനാട് മുണ്ടക്കൈ ഗവ.എൽപി സ്കൂളിലെ കുട്ടികൾ ശാലിനി ടീച്ചറെക്കുറിച്ച് പറയുന്നത് ഇതാണ്. കുട്ടികൾക്കൊപ്പം അതെ തരത്തിലുള്ള യൂണിഫോം ധരിച്ച് സ്കൂളിൽ വരുന്ന അധ്യാപിക. കുട്ടികളെ ഒപ്പമിരുത്തി സ്കൂൾ ഗ്രൗണ്ടിൽ സൈക്കിൾ ചവിട്ടി ഉല്ലസിക്കുന്ന ടീച്ചർ…കുട്ട്യോളും ടീച്ചറും ഈട വേറെ ലെവലാണ് ഭായ്! നാട്ടുകാരും ഇത് പറയും. പിള്ളേരൊരാഗ്രഹം പറഞ്ഞാൽ ശാലിനി ടീച്ചറെക്കൊണ്ട് പറ്റുന്നതാണെങ്കിൽ സാധിച്ചു കൊടുക്കും. അങ്ങനെ കുട്ടികൾ പറഞ്ഞ ആഗ്രഹമാണ് ഈ യൂണിഫോം. ടീച്ചർ എന്താ യൂണിഫോം ഇടാത്തെ..? കുട്ടികൾ ചോദിച്ചപ്പോൾ ഇടാം എന്നായി ടീച്ചർ. ഇക്കഴിഞ്ഞ ഓണം അവധിക്ക് ശേഷമാണ് ടീച്ചർ യൂണിഫോം ഇട്ട് സ്കൂൾ വരാൻ തുടങ്ങിയത്. അങ്ങനെ ഒരു ദിവസം സ്കൂളിൽ വന്ന വിദ്യാർത്ഥിയുടെ സൈക്കിൾ കണ്ടപ്പോൾ, സൈക്കിളിൽ കയറാൻ പെൺകുട്ടികൾക്ക് ആഗ്രഹം. ശാലിനി ടീച്ചർ അപ്പോൾത്തന്നെ അതും സാധിച്ചുകൊടുത്തു.
സ്കൂളിലെ ആരോ ആ വീഡിയോ എടുത്തതോടെ ടീച്ചറും കുട്യോളും വൈറലായി. കൊച്ചു കുട്ടികൾക്കൊപ്പം വലിയ ”കുട്ടി”യായി സ്കൂളിനെ കളർ ആക്കുകയാണ് ശാലിനി ടീച്ചർ.