തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ. തിരുവനന്തപുരത്തും ജില്ലാ ശിശുക്ഷേമ സമിതികൾ മുഖേന ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ‘കുട്ടികൾക്കിണങ്ങിയ ലോകം’,‘ബാല സൗഹൃദ കേരളം’എന്നീ സന്ദേശങ്ങൾ ഉയർത്തിക്കാട്ടി വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതലത്തിൽ തിരുവനന്തപുരത്ത് രാവിലെ 9 മണിക്ക് തിരുവനന്തപുരം നഗരാതിർത്തിയിലെ എൽ.പി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി നടക്കും. രാവിലെ 9ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഫ്ളാഗ് ഓഫ് ചെയ്യും. റാലി കനകകുന്ന് നിശാഗന്ധിയിൽ സമാപിക്കും. ഇത്തവണത്തെ കുട്ടികളുടെ നേതാക്കൾ തുറന്ന ജീപ്പിൽ സഞ്ചരിക്കും. പഞ്ചവാദ്യം, കുതിര പോലീസ്, പോലീസ് ബാന്റ്, സ്റ്റുഡൻസ് പോലീസ്, സ്ക്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എൻ.സി.സി എന്നിവർ അകമ്പടി സേവിക്കും. പുറകിൽ ഇരുന്നൂറോളം സ്ക്കൂളുകളിൽ നിന്നുമുള്ള കാൽലക്ഷം കുട്ടികൾ അണി നിരക്കുന്ന വൻ റാലി നടക്കും. റാലിയിൽ ശിശുദിന പ്ലക്കാർഡുകൾ, ഡ്രിൽ, ഡിസ്പ്ലേ ബാന്റ്, പ്ലോട്ടുകൾ എന്നിവ അണി നിരക്കും. റാലിയിൽ പങ്കെടുക്കുന്ന മികച്ച സ്കൂളുകൾക്ക് എവർ റോളിംഗ് ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്കായുള്ള വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ, ശ്രീചിത്രാഹോം, പിന്നോക്ക മേഖലയിലെ പ്രത്യേക സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള കുട്ടികളും ഇത്തവണത്തെ റാലിയിൽ അണിചേരും.
രാവിലെ 10.30ന് കനകകുന്ന് നിശാഗന്ധിയിൽ കാൽലക്ഷം കുട്ടികൾ പങ്കു ചേരുന്ന കുട്ടികളുടെ നേതാക്കൾ നയിക്കുന്ന പൊതു സമ്മേളനം നടക്കും. കുട്ടികളുടെ പ്രധാനമന്ത്രി കോഴിക്കോട് പ്രോവിഡന്റ് എൽ.പി സ്ക്കൂളിലെ ആത്മിക.വി.എസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കോഴിക്കോട് ഉള്ളിയേരി എ.യു.പി സ്ക്കൂളിലെ മിത്രാ കിനാത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുട്ടികളുടെ സ്പീക്കർ തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്ക്കൂളിലെ നന്മ.എസ് മുഖ്യ പ്രഭാഷണം നടത്തും. തിരുവനന്തപുരം കാർമ്മൽ ഹയർ സെക്കന്ററി സ്ക്കൂളിലെ റബേക്ക മറിയം ചാക്കോ സ്വാഗതവും വയനാട് അടിക്കൊല്ലി ദേവമാതാ എ.എൽ.പി സ്ക്കൂളിലെ ജോയൽ ബിനോയ് നന്ദിയും പറയും.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വീണാ ജോർജ്ജ്, വി.ശിവൻകുട്ടി എന്നിവർ ശിശുദിന സന്ദേശം നൽകും. തുടർന്ന് ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്ജ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറികൊണ്ട് പ്രകാശനം ചെയ്യും. ജില്ലാ ശിശുക്ഷേമ സമിതികളുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിലും കുട്ടികളുടെ റാലിയും പൊതു സമ്മേളനങ്ങളും നടക്കും. പൊതു സമ്മേളനങ്ങളിൽ ശിശുദിന സ്റ്റാമ്പിന്റെ ജില്ലാ തല പ്രകാശനങ്ങളും നടക്കും.