SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തേഞ്ഞിപ്പലം:കായിക രംഗത്ത് കേരളത്തിന് തന്നെ മാതൃകയായും ചരിത്രം സൃഷ്ടിച്ചും കാലിക്കറ്റ് സര്‍വകലാശാല മുന്നേറുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു കാലിക്കറ്റ് സര്‍വകലാശാലയില്‍ കായിക പുരസ്‌കാരദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരങ്ങളിലെ വിജയികളായി 321 താരങ്ങള്‍ക്കും മികച്ച കോളേജുകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ഇത്രയേറെ കിരീടങ്ങള്‍ നേടുകയും 20 ഒളിമ്പ്യന്മാരെ സൃഷ്ടിക്കുകയും ചെയ്ത കാലിക്കറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. അടിസ്ഥാന കായിക വിദ്യാഭ്യാസം പ്രൈമറിതലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ തുടക്കമാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് അറിവ് നല്‍കും. ഇതിനായി താത്കാലികമായി അധ്യാപകരെ നിയമിക്കും. ഇതുവഴി ഹൈസ്‌കൂള്‍ തലത്തിലെത്തുമ്പോഴേക്കും നല്ല താരങ്ങളെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. കെ.പി. വിനോദ് കുമാര്‍, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. ഹരിദയാല്‍ എന്നിവര്‍ സംസാരിച്ചു.