SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: എയ്ഡഡ് കോളജുകളെ സ്വകാര്യ കൽപിത സർവകലാശാലയാക്കാനും അതോടൊപ്പം മുൻപത്തെ പോലെ സർക്കാറിൽ നിന്ന് തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതും സംബന്ധിച്ച് ചർച്ചകൾ നടക്കുമ്പോൾ അതിനെ കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിൽ ഭിന്നത. കഴിഞ്ഞ ദിവസം വിദഗ്ധ സമിതിയുടെ ആദ്യയോഗം ചേർന്നപ്പോൾ ഭൂരിഭാഗം അംഗങ്ങളും കൽപിത സർവകലാശാലയാലയെ അനുകൂലിച്ചുള്ള നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കേരളത്തിൽ കൽപിത സർവകലാശാല വേണ്ട എന്നാണ് വിദഗ്ധ സമിതിയിലെ ചില റിപ്പോർട്ടുകളിൽ പറയുന്നത്.
ഏജൻസികളുടെ വിശ്വാസ്യത ഉൾപ്പെടെയുള്ളവ കൃത്യമായി പരിശോധിച്ച് സ്വകാര്യ സർവകലാശാലയാക്കാമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട കമീഷൻ ശിപാർശ ചെയ്തിരുന്നു. ഡോ. ശ്യാം ബി. മേനോനും(കമീഷൻ ചെയർമാൻ) ഡോ. സാബു തോമസും(എം.ജി സർവകലാശാല വി.സി) കൽപിത സർവകലാശാല സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിലും അംഗങ്ങളാണ്.
കൽപിത സർവകലാശാല ചർച്ചകൾ നടക്കെ ഇതിനായി അനുകൂല ചരടുവലികൾ സർക്കാർ പദവികളിലിരിക്കുന്നവരിൽ നിന്ന് ഉണ്ടാക്കുന്നുണ്ട് എന്ന ആക്ഷേപവും ശക്തമാണ്. വിദ്യാർത്ഥികളുടെ പ്രവേശനം, ഫീസ് നിർണയം തുടങ്ങിയ കാര്യങ്ങളിൽ എയ്ഡഡ് കോളജുകൾ കൽപിത സർവകലാശാലയാകുന്നതോടെ സർക്കാരിന് ഇടപ്പെടാനാകില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് കൽപിത സർവകലാശാല സംബന്ധിച്ച യു.ജി.സി റെഗുലേഷനായിരിക്കും ബാധകം. കൽപിത സർവകലാശാലകളായ എയ്ഡഡ് കോളജുകൾക്ക് എന്തിനാണ് സർക്കാർ ശമ്പളം നൽകുന്നത് എന്നതാണ് സമിതി മുമ്പാകെയുള്ള പ്രധാന പ്രശ്നം.
കൽപിത സർവകലാശാല പദവിക്ക് യു.ജി.സിയിൽ അപേക്ഷിക്കാൻ എൻ.ഒ.സിക്കായി സർക്കാറിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് എയ്ഡഡ് സ്വയംഭരണ കോളജുകളായ എറണാകുളം രാജഗിരി കോളജും, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജും. കൽപിത സർവകലാശാലയായി കോളേജുകളെ പ്രഖ്യാപിച്ചാലും ജീവനക്കാർക്കുള്ള ശമ്പളം സർക്കാർ നൽകുമെന്ന് ഉറപ്പുനൽകണമെന്നാണ് അപേക്ഷയിൽ കോളജുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. ചില ജില്ലകളിലെ സ്വയംഭരണ പദവിയുള്ള എയ്ഡഡ് കോളജുകളും എൻ.ഒ.സിക്കായി അനൗദ്യോഗികമായി സർക്കാറിനെ സമീപിച്ചു. അപേക്ഷ നൽകിയ കോളജുകളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുത്താൽ ഈ കോളജുകൾക്കും രേഖാമൂലം സർക്കാറിനെ സമീപിക്കാം.