SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
ന്യൂഡൽഹി: കേന്ദ്ര ആവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച നിവേദനങ്ങൾക്ക് അനുമതി നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. കേരളം നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങളോട് അനുഭാവപൂർണ്ണമായ സമീപനമാണ് മന്ത്രി കൈകൊണ്ടത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട 2021- 22 വർഷത്തെ രണ്ടാംഘട്ട വിഹിതം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേന്ദ്രധന മന്ത്രാലയുമായി ആശയവിനിമയം നടത്തി ഉടനടി പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യധാന്യം ലഭിക്കുന്നത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയവുമായി ചർച്ച നടത്തും . കൂടാതെ കേരളത്തിൽ കുട്ടികളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് കണക്കിലെടുത്ത് പി എ ബിയുടെ അനുമതിയോടെ അധിക സഹായവും മന്ത്രി ഉറപ്പ് നൽകി. കേന്ദ്ര സ്കോളർഷിപ്പിന്റെ എണ്ണം കേരളത്തിൽ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് വർദ്ധനവ് വരുത്താമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. 👇🏻👇🏻
2021 വർഷത്തിൽ കേരളത്തിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രവേശനം നേടിയ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ കോഴ്സിലെ വിദ്യാർഥികളെ പ്രത്യേകമായി പരിഗണിച്ച് ഹെൽത്ത് സെക്ടർ കൗൺസിൽ വഴിയുള്ള സ്കിൽ അസസ്മെന്റും സർട്ടിഫിക്കേഷൻ ഉറപ്പാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ആശയവിനിമയം നടത്തി തുടർനടപടി സ്വീകരിക്കും.👇🏻
സംസ്ഥാനത്തിന്റെ പ്രത്യേകതകൾക്ക് അനുസരിച്ചുള്ള നൂതനാശയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ ദേശീയ തലത്തിലുള്ള ഒരു ചട്ടക്കൂടിൽ പൂർണമായിട്ടും മാതൃകാപരമായി നടപ്പാക്കുന്നതിന് എല്ലാവിധ സഹായവും നൽകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.👇🏻👇🏻
ഹയർസെക്കൻഡറി വിഭാഗത്തിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ ബ്ലോക്ക് തലത്തിൽ ഹബ് ആൻഡ് സ്പോക്ക് മോഡലിൽ രൂപീകരിക്കുന്നതിന് സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായി കൂടുതൽ ബ്ലോക്കുകളിലേക്ക് വ്യാപിപിച്ച് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ദേശീയ വിദ്യാഭ്യാസ നേട്ട സർവേ നടത്തുന്നതിന് മുന്നോടിയായി സംസ്ഥാന ഏജൻസികളുമായി കൂടുതൽ ചർച്ചകൾ നടത്തുന്ന കാര്യവും ഉടനടി തീരുമാനിക്കും . വിദ്യാ സമീക്ഷ കേന്ദ്രത്തിലേക്ക് കേരളം ആവശ്യപ്പെട്ട ഫണ്ടായ അഞ്ചു കോടി രൂപ നൽകുന്ന കാര്യത്തിന് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കേരളത്തോട് ആവശ്യപ്പെട്ടു .👇🏻
സ്റ്റാർസിന്റെ ഭാഗമായ സ്ട്രീം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കുട്ടികളുടെ ശാസ്ത്രാഭിരുചി മെച്ചപ്പെടുത്തുന്നതിനും യുവശാസ്ത്രജ്ഞന്മാരെ വളർത്തിയെടുക്കാനുള്ള സ്ട്രീം പദ്ധതി ആലപ്പുഴ ജില്ലയിലെ 11 ബിആർസി കളിലാണ് ഇപ്പോൾ നടപ്പാക്കുന്നത്. ഇത് സംസ്ഥാനത്ത് ഒട്ടാകെയുള്ള 168 ബിആർസികളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രൊപ്പോസൽ നൽകാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.