കോഴിക്കോട്: മനസ്സിനൊത്ത് ശരീരം ചലിച്ചില്ലെങ്കിലും ആ മനസ്സ് മാത്രം മതി ആര്യാരാജിന് മികച്ച വിജയങ്ങൾ നേടാൻ. സെറിബ്രൽ പാൾസിയെന്ന രോഗത്തെ അതിജീവിച്ചാണ് അവൾ പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയത്. അത്താണിക്കൽ വീട്ടിൽ തൊടിയിൽ വീട്ടിൽ രാജീവിന്റെയും പുഷ്പജയുടെയും മകളായ ആര്യരാജ് കോഴിക്കോട് വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയാണ് മുഴുവൻ മാർക്കും നേടിയത്.
അസുഖം കാരണം മറ്റൊരാളുടെ സഹായത്തോടെ പരീക്ഷയെഴുതിയാണ് ആര്യ ഈ ഉജ്ജ്വല വിജയം നേടിയത്. ആര്യയ്ക്ക് എല്ലാകാര്യങ്ങൾക്കും പരസഹായം വേണം. വസ്ത്രം ധരിക്കാനും പ്രാഥമികകാര്യങ്ങൾക്കും അമ്മയാണ് ആര്യയുടെ ആശ്രയം. സ്വന്തമായി പരീക്ഷയെഴുതാൻ കഴിയാത്ത ആര്യ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സ്ക്രൈബായി നിയോഗിച്ചാണ് പ്ലസ്ടു പരീക്ഷയെഴുതിയത്. എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്കില്ലാതെ തന്നെ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയിരുന്നു.
അക്കാദമിക് രംഗത്തെ മികവ് കണക്കിലെടുത്ത് യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ പുരസ്‌ക്കാരവും ആര്യയെ തേടി എത്തിയിരുന്നു. ഉന്നത പഠനത്തിന് ഏറെ ആഗ്രഹം ഉണ്ടെങ്കിലും ശാരീരികപ്രശ്നങ്ങൾ കാരണം ഈ വർഷം ഉന്നതപഠനത്തിന് ആര്യ ഒരുങ്ങുന്നില്ല.
ശരീരിക പ്രശ്നങ്ങൾ ഒരുപരിധിവരെ മെച്ചപ്പെടുത്താൻ ചികിത്സ നടത്തണം. ഫിസിയോതെറാപ്പി വഴി പുരോഗതിയുണ്ടാകും എന്നാണ് പ്രതീക്ഷ. ആ പ്രതീക്ഷയിൽ ആര്യ തന്റെ പഠനം ഈ വർഷം മാറ്റിവയ്ക്കുകയാണ്. കൂടുതൽ മികച്ച വിജയങ്ങൾക്കായി ശരീരത്തെ പ്രാപ്തമാക്കാൻ.