തിരുവനന്തപുരം:നാടിന്റെ സാംസ്കാരിക മഹിമയുടെ ഉത്തമ ഉദാഹരണമാണ് കൗമാര കലോത്സവങ്ങളെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. തൃശ്ശൂർ ടൗൺഹാളിൽ നടക്കുന്ന 46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കലയും സാഹിത്യവും മനുഷ്യമനസ്സുകളെ ചേർത്തു നിർത്തുന്നതിന് ഏറ്റവും അധികം സഹായകമാണ്. കുട്ടികൾ തമ്മിലുള്ള സ്നേഹവും സൗഹാർദ്ദവും വളർത്തുന്നതിനുള്ള ഏറ്റവും വലിയ വേദിയാണ് കലോത്സവങ്ങൾ. വാശിയും വൈരാഗ്യവുമല്ല, മറിച്ച് സ്നേഹവും സൗഹാർദ്ദവുമാണ് ഈ വേദികളിൽ ഉണ്ടാകേണ്ടത്. സംഘടന പാഠവവും നേതൃത്വശേഷിയും വികസിപ്പിക്കുന്നതിന് ഇത്തരം പരിപാടികൾ ഏറെ ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.ഇത്തരം കലോത്സവങ്ങളിലൂടെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ എന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.
തൃശൂർ ജില്ലയിൽ ജനുവരി 22 മുതൽ 25 വരെ എട്ട് വേദികളിലായി രണ്ടായിരത്തിലധികം പ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും.
ഉദ്ഘാടനചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ്. ഐ. ടി.ടി.ടി. ആർ കെ.ജി സിനി മോൾ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ.പ്രസാദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഹി ഡെൽസൻ, ടി. എച്ച്. എസ് അലുമിനി പ്രശാന്ത് മാധവ് എന്നിവർ വിശിഷ്ടാതിഥികളായി.
കൗൺസിലർമാരായ എ.വി കൃഷ്ണ മോഹൻ, വിൻഷി അരുൺകുമാർ, സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി.ബി ബൈജു, ടി.എച്ച്.എസ് അലുമിനി പ്രസിഡന്റ് സുരേഷ് കുമാർ, കോതമംഗലം ആർ.ജെ.ഡി ഇൻചാർജ് സജ്ന കെ പൗലോസ്, വകുപ്പുതല ഉദ്യോഗസ്ഥർ അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.








