തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച ‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികകളെ പ്രഖ്യാപിച്ചു. 100 സ്‌കൂളുകൾ വിജയികളായി. ‘ലിറ്റിൽ കൈറ്റ്‌സ്’ യൂണിറ്റുകൾ വഴി നടത്തിയ റീൽസ് മത്സരത്തിൽ പങ്കെടുത്ത 1555 സ്‌കൂളുകളിൽ നിന്നാണ് ഒന്നര മിനിറ്റിൽ താഴെ ദൈർഘ്യമുള്ള മികച്ച നൂറു റീലുകൾ തെരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയിലെ ജി.വി.എച്ച്.എസ് കരകുളത്തിനാണ് റീൽസ് മത്സരത്തിൽ ഒന്നാം സമ്മാനം. അച്യുതവാര്യർ എച്ച്.എസ്.എസ്, പൊന്നാനി (മലപ്പുറം), എസ്.എൻ.ഡി.പി. എച്ച്.എസ്. ഉദയംപേരൂർ (എറണാകുളം) സ്‌കൂളുകൾ രണ്ടാംസ്ഥാനവും ഇടയൂർ എ.എം.എൽ.പി.എസ്. (മലപ്പുറം), എച്ച്.എം.എച്ച്.എസ്.എസ്. പഴകുളം (കൊല്ലം) സ്‌കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. ജി.ജി.വി.എച്ച്.എസ്.എസ്. ഫറോക്ക് (കോഴിക്കോട്), കൊച്ചു കൊട്ടാരം എൽ.പി.സ്‌കൂൾ ഞണ്ട്പാറ (കോട്ടയം), ജി.എച്ച്.എസ്. വടശ്ശേരി (മലപ്പറം), എം.കെ.എച്ച്.എം.എച്ച്.എസ്.എസ് മുക്കം (കോഴിക്കോട്) സ്‌കൂളുകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. 30,000, 20,000, 15,000 രൂപ വീതം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും 10,000 രൂപ പ്രത്യേക പരാമർശത്തിന് അർഹമായ സ്‌കൂളുകൾക്കും ലഭിക്കും. മറ്റു 91 സ്‌കൂളുകക്ക് 5,000 രൂപ വീതം ലഭിക്കും.
26 സ്‌കൂളുകളുമായി മലപ്പുറം ജില്ലയാണ് വിജയികളിൽ ഏറ്റവും മുന്നിൽ. 14 സ്‌കൂളുകൾ എറണാകുളത്ത് നിന്നും 10 സ്‌കൂളുകൾ കാസറഗോഡിൽ നിന്നും വിജയികളായി. കോഴിക്കോട് 8, പത്തനംതിട്ട 7, പാലക്കാട് 6, വയനാട്, കോട്ടയം 5 വീതവും, ആലപ്പുഴ, കൊല്ലം, കണ്ണൂർ, തിരുവനന്തപുരം 4 വീതവും, ഇടുക്കി 2, തൃശ്ശൂർ 1 എന്നിങ്ങനെയാണ് വിജയികളുടെ ജില്ലാ പ്രാതിനിധ്യം. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനും സി-ഡിറ്റ് മുൻ ജോയിന്റ് ഡയറക്ടർ കെ മോഹൻ കുമാർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, ഡോക്യുമെന്ററി സംവിധായിക ചന്ദ്രലേഖ സി.എസ്., കൈറ്റ് വിക്ടേഴ്‌സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ.മനോജ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്.
നവംബർ 15-ന് കൈറ്റിന്റെ പതിനാല് ജില്ലാ ഓഫീസുകളേയും ബന്ധിപ്പിച്ച് നടത്തുന്ന ചടങ്ങിൽ നൂറ് സ്‌കൂളുകളേയും ആദരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. മുഴുവൻ സ്‌കൂളുകളുടേയും പട്ടികയും വിശദാംശങ്ങളും http://kite.kerala.gov.in ൽ ലഭ്യമാണ്.







.jpg)



