തിരുവനന്തപുരം:വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനത്തിന് ശേഷം സ്കൂളുകളിൽ ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൽ ഒന്നും നടന്നില്ലെന്ന് ആരോപണം. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് സ്കൂൾ പരീക്ഷകളിൽ വായനയ്ക്ക് ഈ വർഷം മുതൽ ഗ്രേസ് മാർക്ക് നൽകുമെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബർ 18നാണ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപനം നടത്തിയത്.
വായനശീലമുള്ള വിദ്യാർത്ഥികൾക്ക് 10 മാർക്ക് ആണ് നൽകുക. ഇതിനുള്ള തുടർനടപടികൾക്കായി പൊതു വിദ്യാഭ്യാസ ഡയറക്‌ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പൊതു പരിപാടിയിൽ അറിയിച്ചിരുന്നു.
മന്ത്രിയുടെ പ്രഖ്യാപനം 👇🏻👇🏻
ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ഉടൻ തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഒന്നുതന്നെ സ്കൂളുകളിൽ നടത്തിയിട്ടില്ല. വായനയ്ക്ക് സൗകര്യം ഒരുക്കാൻ സ്കൂളുകളിലെ ലൈബ്രറികൾ കാര്യക്ഷമമാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട അറിയിപ്പോ മറ്റു നിർദേശങ്ങളോ വന്നിട്ടില്ല എന്നാണ് പല സ്കൂളുകളിലേയും പ്രധാന അധ്യാപകർ പറയുന്നത്. ലൈബ്രറികൾ പൊടി പിടിച്ചു കിടക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. സ്‌കൂളിൽ വായനാശീലം ഉള്ള ഒരു അധ്യാപികയെ ലൈബ്രറിയുടെ ചുമതല ഏൽപ്പിക്കണം എന്ന് മന്ത്രി നിർദേശിച്ചിരുന്നെങ്കിലും ഇതും ഉണ്ടായിട്ടില്ല. ചുമതലയുള്ള അധ്യാപകൻ അല്ലെങ്കിൽ അധ്യാപികയുടെ മേൽനോട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തണമെന്നും പത്രവായന നിർബന്ധമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു. ഒരു ദിവസം ഏതെങ്കിലും ഒരു പത്രം വായിക്കുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടികളുടെ മികച്ച ഭാവിക്ക് വയനാശീലം അനിവാര്യമാണ്. എല്ലാ സ്‌കൂളുകളിലും ഇനി വായന ശീലമാക്കണം. വയനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായാണ് 10 മാർക്ക് നൽകുന്നത് എന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് ഒന്നര മാസത്തോളമായിട്ടും തുടർ നടപടികൾ ഉണ്ടായില്ല. വായനയ്ക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് അധ്യാപകർക്കും അറിവില്ല.





.jpg)


