തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കിരീടം ചൂടിയ തിരുവനന്തപുരം ജില്ല 117.5 പവന്റെ സ്വർണക്കപ്പ് ഏറ്റുവാങ്ങി. 8 ദിവസങ്ങളിലായി നടന്ന കായികമേളയിൽ 1825 പോയിന്റുമായാണ് തിരുവനന്തപുരം ജില്ല കിരീടം ചൂടിയത്. ഈ വർഷം മുതൽ നൽകി തുടങ്ങുന്ന ”മുഖ്യമന്ത്രിയുടെ സ്വർണകപ്പ്” സ്വന്തമാക്കി ചരിത്ര വിജയം നേടിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ, മന്ത്രി വി. ശിവൻകുട്ടി, മന്ത്രി പി.എ.മുഹമ്മദ് റിയാസ് അടക്കമുള്ളവർ ചേർന്ന് മുഖ്യമന്ത്രിയുടെ സ്വർണ്ണകപ്പ് വിജയികൾക്ക് കൈമാറി.
20,000 വിദ്യാർത്ഥികളെ ഉൾക്കൊണ്ട് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി തലസ്ഥാന നഗരിയിലെ 12 വേദികളിൽ ഒളിമ്പിക് മാതൃകയിൽ പ്രൗഡഗംഭീരമായി സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിച്ച കേരളം മറ്റുള്ളവർക്ക് മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ സമാപന സമ്മേളനത്തിൽ അഭിനന്ദിച്ചു.
രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്.
അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്. ഗെയിംസ് ഇന്നങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ലാ രണ്ടാമതായത് 149 പോയിന്റുകൾ നേടിയാണ്. അത് ലറ്റിക്സ് ഇന്നങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി.
ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി ആർ അനിൽ, എംഎൽഎമാരായ ആൻറണി രാജു, വി ജോയ്, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ഒളിമ്പ്യൻ പി ജെ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വി വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, സി എ സന്തോഷ് എന്നിവർ സംസാരിച്ചു.
അടുത്ത വർഷം സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ആതിഥ്യം വഹിക്കുന്ന കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി കായിക മേളയുടെ പതാക മന്ത്രി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.






.jpg)


