തിരുവനന്തപുരം:ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു. തിരുവനന്തപുരം ലോ കോളജിലെ ഹെറിറ്റേജ് ബ്ലോക്കിലെ ക്ലാസ് റൂമിന്റെ സീലിങ്ങാണ് ഇന്ന് ഉച്ചയ്ക്ക് തകര്‍ന്നു വീണത്. മൂന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടം ഉണ്ടായത്. പഠനാവധി ആയതിനാല്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് പ്രിന്‍സിപ്പലിന്റെ റൂമിന് മുന്നില്‍ കെഎസ്‌യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. അപകടം നടന്ന ക്ലാസ് മുറിയിൽ ചോര്‍ച്ച ഉണ്ടായിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. മഴ പെയ്താല്‍ പോലും ചോര്‍ച്ചയുണ്ടാകുന്ന അവസ്ഥയാണുളളതെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല.
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം: കർശന നിർദേശങ്ങൾ ഇതാ
തിരുവനന്തപുരം:ഈ അധ്യയന വർഷം പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുതത്തണമെന്ന് പരീക്ഷ കമ്മിഷണറുടെ നിർദേശം. വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും തെറ്റുകൂടാതെ സമർപ്പിക്കാനാണ് നിർദേശം. അഡ്‌മിഷൻ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എസ്.എസ്.എൽ.സി കാർഡ് തയ്യാറാക്കുന്നത്. വിദ്യാർത്ഥിയെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും അഡ്മിഷൻ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തി കൃത്യമാണെന്ന് അതത് ക്ലാസ്സ് അധ്യാപകരും സ്‌കൂൾ പ്രഥമാധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്.
പത്താം ക്ലാസ്സിൽ പഠിക്കുന്ന 660000 വിദ്യാർത്ഥിയുടേയും അനുബന്ധമായി ചേർത്തിരിക്കുന്ന വിശദാംശങ്ങൾ സമ്പൂർണ്ണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ പിശകുകൾ ഇല്ലെന്നും പ്രഥമാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. പത്താം ക്ലാസ്സ് വിദ്യാർത്ഥികളുടെ അഡ്‌മിഷൻ നമ്പർ 6 അക്കത്തിൽ കൂടുതലും പത്താം ക്ലാസ്സിലെ ഡിവിഷനുകൾ രണ്ട് കാരക്ടറിൽ കൂടുതലും ആകാൻ പാടില്ല.
വിദ്യാർത്ഥികളുടെ പേര് മലയാളത്തിൽ ടൈപ്പ് ചെയ്യുവാൻ യുണികോഡ് ഫോണ്ട് തെരഞ്ഞെടുക്കേണ്ടതാണ്. പത്താം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളുടേയും ഫോട്ടോ (Black & White) (Width: 150 Px, Height: 200 Px, Size: 20-30 kb, Format : jpg) സൈസ് പ്രകാരമായിരിക്കണം. ഫോട്ടോയിൽ പേരോ മറ്റ് രേഖപ്പെടുത്തലുകളോ പാടില്ല. ‘സമ്പൂർണ്ണ’ യിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയിൽ അഡ്മിഷൻ രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ 31/10/2025 ന് മുമ്പ് തിരുത്തേണ്ടതാണ്.
സമ്പൂർണ്ണ’ പോർട്ടലിൽ ലഭ്യമായിട്ടുള്ള സ്കൂൾ ഗോയിങ് കാൻഡിഡേറ്റ്സ് വിവരങ്ങൾ മാത്രമാണ് എസ്എസ്എൽസി പരീക്ഷാ രജിസ്ട്രേഷന് പരിഗണിക്കുക. ‘സമ്പൂർണ്ണ’ യിലെ വിവരങ്ങളിൽ തെറ്റ് കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്‌കൂൾ പ്രഥമാധ്യാപകർക്കെതിരെ നടപടി ഉണ്ടാകും.
വിദ്യാഭ്യാസ വകുപ്പിൻ്റെ ഡാറ്റാ ശേഖരണം ‘സമ്പൂർണ്ണ’ ഓൺലൈൻ സ്‌കൂൾ മാനേജ്മെൻ്റ് സോഫ്റ്റ് വെയർ മാത്രം ഉപയോഗിച്ച് നടത്തുന്നതിന് സൂചന പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും വിശദാംശങ്ങൾ സമ്പൂർണ്ണ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. എസ്.എസ്.എൽ.സി പരീക്ഷ കാൻഡിഡേറ്റ്സിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സമ്പൂർണ്ണ വഴിയാണ് ശേഖരിക്കുന്നത്.