തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കർശന നടപടിയുമായി കേരള സർവകലാശാല. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുകയോ പരീക്ഷകളിൽ നിന്ന് ഡീബാർ ചെയ്യപ്പെടുകയോ ചെയ്‌ത വിദ്യാർഥികൾക്ക് കോളേജുകളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇതു സംബന്ധിച്ച് കോളേജ് പ്രിൻസിപ്പൽമാർക്ക് സർവകലാശാല നിർദേശം നൽകി. പഠനം ഉപേക്ഷിച്ചവർ പോലും വിവിധ സംഘടനകളുടെ പ്രവർത്തനം ലക്ഷ്യം വച്ച് കോളേജുകളിൽ പുന:പ്രവേശനം നേടുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. കോപ്പിയടിച്ചതിനെത്തുടർന്ന് 3 വർഷത്തേക്ക് ഡീബാർ ചെയ്യപ്പെട്ട വിദ്യാർഥി മറ്റൊരു വിഷയത്തിൽ പുനഃപ്രവേശനം നേടിയത് കേരള സർവകലാശാല റദ്ദാക്കുകയും ചെയ്തു.
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകരുടെ യോഗ്യത (K-TET) സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിന്യായ പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി. കോടതിയുടെ നിർദ്ദേശം അനുസരിച്ച് അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിറങ്ങി സർക്കാർ/എയിഡഡ് സ്കൂളുകൾ തിരിച്ച് കെ-ടെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ വിവരങ്ങൾ സമർപ്പിക്കാനാണ് നിർദേശം. പ്രത്യേകം പ്രൊഫോർമയിൽ രണ്ടു ദിവസത്തിനുള്ളിൽ supdth.dge@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ കർശനമായി വിവരങ്ങൾ സമർപ്പിക്കേണ്ടതാണെന്ന് ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 31ന് ഓരോ സ്കൂളിലും സർവീസിൽ ഉള്ള അധ്യാപകരുടെ ആകെ എണ്ണം, 2025 ഓഗസ്റ്റ് 31ന് കെ-ടെറ്റ് യോഗ്യത ഇല്ലാതെ ജോലി എടുക്കുന്ന അധ്യാപകരുടെ എണ്ണം, സി-ടെറ്റ് യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം തുടങ്ങിയ വിശദമായ വിവരങ്ങളാണ് കൈമാറേണ്ടത്. കണക്കെടുപ്പിനുള്ള ഫോമിന്റെ മാതൃക താഴെ നൽകുന്നു.
