മലപ്പുറം: അധ്യാപകർ വിദ്യാർത്ഥികളുടെ അടികൊണ്ട് വീണാലും പ്രതികരിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ. അധ്യാപകരെ ആക്രമിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി അധ്യാപക സമൂഹത്തോട് മാപ്പ് പറയണം. അധ്യാപകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ട വിദ്യാഭ്യാസമന്ത്രി, അധ്യാപകരിൽ ഭയപ്പാട് സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശ്യം സംശയകരമാണ്. നിരവധി വിഷയങ്ങളിൽ അധ്യാപകരെ ശത്രുപക്ഷത്ത് നിർത്തുന്ന നിലപാടുകളാണ് വകുപ്പുമന്ത്രി തുടർച്ചയായി സ്വീകരിക്കുന്നത്. കുട്ടിയുടെ മർദ്ദനമേറ്റ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണം. മാറിവരുന്ന സാമൂഹ്യ സാഹചര്യത്തിൽ വിദ്യാർത്ഥി മർദ്ദനങ്ങളിൽ നിന്നും കള്ളപരാതികളിൽ നിന്നും അധ്യാപകരെ സംരക്ഷിക്കാൻ അടിയന്തിരമായി നിയമ നിർമ്മാണം നടത്തണമെന്നും എഎച്ച്എസ് ടി എ ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി യു.ടി അബൂബക്കർ, വി.കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി. ഇഫ്തിക്കറുദ്ധീൻ, എം.ടി മുഹമ്മദ്, പി.എം ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിലർമാരായ ഡോ. പ്രവീൺ, സുബൈർ, ഡോ. പ്രദീപ് കുമാർ കറ്റോട്, കെ. ഷാം, ഡോ. അജിത് കുമാർ, ഷെറീന ഇക്ബാൽ, അഫീല റസാക്ക് എന്നിവർ പ്രസംഗിച്ചു

ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: പ്രശസ്ത കവയിത്രിയായ സുഗതകുമാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗുരുജ്യോതി സംസ്ഥാന...