തിരുവനന്തപുരം:സംസ്ഥാന അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരുപതിനായിരം രൂപയായി ഉയർത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഈ വർഷത്തെ അധ്യാപക അവാർഡ് വിതരണം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക അവാർഡിന് ഇപ്പോൾ നൽകി വരുന്നത് പതിനായിരം രൂപയാണ്. ഇത് ഇരട്ടിയാക്കും. എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക് നൽകി വരുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ് തുക വരും വർഷങ്ങളിൽ പതിനായിരം രൂപയിൽ നിന്നും ഇരുപത്തി അയ്യായിരം രൂപയാക്കുമെന്നും മന്ത്രി പറഞ്ഞു. എയ്ഡഡ് സ്കൂൾ മാനേജർമാർ അധ്യാപകരുടെ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച വി ശിവൻകുട്ടി എയ്ഡഡ് സ്കൂളിലെ ടീച്ചർമാർക്ക് വീട്ടുജോലിയ്ക്ക് കൂടി പോകേണ്ട അവസ്ഥ നിലനിൽക്കുന്നുവെന്നും പറഞ്ഞു. ഇന്ന് വന്ന കണ്ട പല ടീച്ചർമാരും പല പ്രശ്നങ്ങൾ പറഞ്ഞു. അധ്യാപകരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് മാനേജ്മെൻ്റുകൾ കമ്മിറ്റികൾ ആരംഭിക്കണം.സർക്കാരും ഇതിന് വേണ്ട പിന്തുണ നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
