തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി ആകെ 1,266 ഒഴിവുകൾ ഉണ്ട്. ഇന്ത്യന്‍ നേവിയുടെ യാര്‍ഡുകളിലും യൂണിറ്റുകളിലുമായാണ് നിയമനം. ഓക്സിലിയറി, സിവില്‍ വര്‍ക്ക്സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് & ഗൈറോ, ഫൗണ്ടറി, ഹീറ്റ് എന്‍ജിന്‍സ്, ഇന്‍സ്ട്രുമെന്റ്, മെക്കാനിക്കല്‍, മെക്കാനിക്കല്‍ സിസ്റ്റംസ്, മെക്കട്രോണിക്സ്, മെറ്റല്‍, മില്‍റൈറ്റ്, റെഫ്രിജറേഷന്‍ & എസി, ഷിപ്പ് ബില്‍ഡിംഗ്, വെപ്പണ്‍ ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. ആദ്യഘട്ടത്തിൽ 19,900 രൂപ മുതല്‍ 63,200 രൂപ വരെയാണ് ശമ്പള സ്കെയിലില്‍. http://indiannavy.gov.in വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 2 ആണ്.

പത്താം ക്ലാസ് (മെട്രിക്കുലേഷന്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. ബന്ധപ്പെട്ട ട്രേഡില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം അല്ലെങ്കില്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ടെക്നിക്കല്‍ ബ്രാഞ്ചില്‍ മെക്കാനിക്ക്/തത്തുല്യ യോഗ്യതയോടെ രണ്ട് വര്‍ഷത്തെ സ്ഥിരം സേവനം ഉണ്ടാവണം. 18 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഫാർമസി, ആർക്കിടെക്ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്
തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിലെ ഫാര്‍മസി കോഴ്സിന്റെ ഒന്നാംഘട്ട അലോട്മെന്റിനും ആര്‍ക്കിടെക്ചര്‍ കോഴ്സിന്റെ മൂന്നാംഘട്ട അലോട്മെന്റിനുമുള്ള പുതിയ ഓപ്ഷൻ ആഗസ്റ്റ് 22ന് വൈകീട്ട് അഞ്ചുവരെ സമർപ്പിക്കാം. ഇതിനു ശേഷം ഓഗസ്റ്റ് 23ന് താൽക്കാലിക അലോട്ട്മെന്റും 25ന് അന്തിമ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 26 മുതൽ 30 വൈകിട്ട് നാലു മണി വരെ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ തുക പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈനിൽ അടച്ച് അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടാം. പ്രവേശന സമയത്ത് ബാക്കി ട്യൂഷൻ ഫീസ്, ഡിപ്പോസിറ്റ് (ബാധകമെങ്കിൽ), മറ്റ് ഫീസുകൾ കോളജിൽ ഒടുക്കേണ്ടതാണ്. വാർഷിക ഫീസ് ഘടന (ഫാർമസി): സർക്കാർ ഫാർമസി കോളജുകളിൽ 17,370 രൂപ. സ്വാശ്രയ ഫാർമസി കോളജുകളിൽ ട്യൂഷൻ ഫീസ് 1,14,268 രൂപ, സ്പെഷൽ ഫീസ് 43,848 രൂപ. അലോട്ട്മെന്റ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനകം പ്രവേശനം നേടിയില്ലെങ്കിൽ മുൻഘട്ടത്തിലെയും ഈ ഘട്ടത്തിലെയും അലോട്ട്മെന്റുകൾ റദ്ദാകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് http://cee.kerala.gov.in സന്ദർശിക്കുക.