തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ വിഎച്ച്എസ്ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർഥി, വിദ്യാലയ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിച്ചതിലുള്ള മികവുകൾ കണക്കലെടുത്താണ് പുരസ്കാരങ്ങൾ. സംസ്ഥാനമൊട്ടുക്കുമുള്ള 345 ൽ പരം സ്കൂൾ യൂണിറ്റുകൾ, പ്രോഗ്രാം ഓഫീസർമാർ എന്നിവരിൽ നിന്നും 35,000 ത്തോളം വരുന്ന വിദ്യാർഥി വോളണ്ടിയർമാരിൽ നിന്നുമാണ് മികവു പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജേതാക്കൾ അവാർഡിനർഹരായത്. സെപ്റ്റംബർ മാസം പകുതിയോടെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ സമർപ്പിക്കും.

മികച്ച സ്കൂൾ യൂണിറ്റുകൾക്കുള്ള സംസ്ഥാനതല പുരസ്കാരത്തിന് തിരുവനന്തപുരം വിതുര ഗവ. വി.എച്ച്.എസ്.എസും കാസർഗോഡ് കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസും അർഹരായി. വിതുര ഗവ. വി.എച്ച്.എസ്.എസിലെ അരുൺ വി.പിയും കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസിലെ വിനിത എമ്മും മികച്ച പ്രോഗ്രാം ഓഫീസർമാർക്കുള്ള പുരസ്കാരത്തിന് അർഹരായി. കോഴിക്കോട് റഹ്മാനിയ വി.എച്ച്.എസ്.എസിലെ ഹിബ ഫാത്തിമ ഇ, മലപ്പുറം കൽപ്പകഞ്ചേരി ഗവ. വി.എച്ച്.എസ്.എസിലെ അനുശ്രീ കെ, ഇടുക്കി, തൊടുപുഴ ഗവ. വി.എച്ച്.എസ്.എസിലെ അലൻ ജെ. വി, കോഴിക്കോട് പരപ്പിൽ എം.എം.വി.എച്ച്.എസ്.എസിലെ മുഹമ്മദ് ഗെയ്ത്ത് എൻ. വി എന്നീ വിദ്യാർഥികൾ മികച്ച വോളണ്ടിയർമാരായി. ഇടുക്കി അടിമാലി എസ്.എൻ.ഡി.പി. വി.എച്ച്.എസ്.എസും സ്കൂളിലെ പ്രോഗ്രാം ഓഫീസറും പ്രത്യേക സംസ്ഥാനതല പുരസ്കാരത്തിന് അർഹരായി.
തിരുവനന്തപുരം കിളിമാനൂർ ആർ.ആർ.വി. വി.എച്ച്.എസ്.എസ്, കൊല്ലം ചാത്തന്നൂർ ഗവ. വി.എച്ച്.എസ്.എസ്, പത്തനംതിട്ട വയ്യാറ്റുപുഴ വി.കെ.എൻ.എം വി.എച്ച്.എസ്.എസ്, ആലപ്പുഴ കൃഷ്ണപുരം ഗവ. വി.എച്ച്.എസ്.എസ്, കോട്ടയം കുമരകം ഗവ. വി.എച്ച്.എസ്.എസ്, എറണാകുളം കടമക്കുടി ഗവ. വി.എച്ച്.എസ്.എസ്, തൃശൂർ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്, പാലക്കാട് മലമ്പുഴ ഗവ. വി.എച്ച്.എസ്.എസ്, മലപ്പുറ എടവണ്ണ എസ്.എച്ച്.എം ഗവ. വി.എച്ച്.എസ്.എസ്, കാലിക്കറ്റ് ഗവ. വി.എച്ച്.എസ്.എസ്, കണ്ണൂർ അഴീക്കൽ ജി.ആർ.എഫ്.ടി ഗവ. വി.എച്ച്.എസ്.എസ്, കാസർഗോഡ് തൃക്കരിപ്പൂർ ഗവ. വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ ജില്ലാതല അവാർഡിന് അർഹരായി.
