തിരുവനന്തപുരം: സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ബസ് ജീവനക്കാർ വിദ്യാർത്ഥികളെ രണ്ടാം തരം പൗരന്മാരായി കണ്ട് മോശമായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികൾക്കുള്ള ബസ് കൺസഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമരം ചെയ്ത് നേടിയെടുത്തതാണ്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല. കുട്ടികളുടെ കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ല. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും അനുകമ്പ കൊണ്ടല്ല കുട്ടികളെ കൺസഷൻ നിരക്കിൽ കൊണ്ടുപോകുന്നത്. കുട്ടികളെ വല്ലയിടത്തും കൊണ്ടുപോയി ഇറക്കുന്നതും അനുവദിക്കില്ല. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ കുട്ടികൾക്ക് പരാതിപ്പെടാം. കുട്ടികൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്തി ഇറക്കണം. കുട്ടികളോട് മോശമായി പെരുമാറരുത്. കുട്ടികൾ കൺസഷൻ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത് എന്നതുകൊണ്ട് രണ്ടാം തരം പൗരന്മാരായി കാണരുത്. സീറ്റിൽ ഇരിക്കുന്ന കുട്ടികളെ മറ്റു യാത്രക്കാർക്കായി എഴുന്നേൽപ്പിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
