മലപ്പുറം: ജില്ലയിലെ തിരൂർ താലൂക്കിൽപ്പെട്ട ആതവനാട് ഗവ. ഹൈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ചിക്കൻ പോക്സ് ബാധിച്ചതിനെ തുടർന്ന് സ്കൂൾ ഭാഗികമായി അടച്ചു. സ്കൂളിലെ 57 കുട്ടികൾക്കാണ് ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്. സ്കൂളിലെ എൽപി, യുപി വിഭാഗങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചു. ഹൈസ്കൂൾ ക്ലാസുകൾ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. പനിയോ രോഗ ലക്ഷണങ്ങളോ ഉള്ള കുട്ടികൾ വീട്ടിൽ തന്നെ തുടരണമെന്നും സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഓണപ്പരീക്ഷ ടൈംടേബിളിൽ ആണ് മാറ്റം. ഓഗസ്റ്റ് 19നും 26നും നടക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. നേരത്തെ വന്ന ടൈം ടേബിളിൽ ഓഗസ്റ്റ് 19ന് പാർട്ട്-1 ഇംഗ്ലീഷ് പരീക്ഷയാണ് നിശ്ചയിച്ചിരുന്നത്. 26ന് സോഷ്യോളജി, ആന്ത്രോപോളജി ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷകൾ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ 19ന് നടക്കാനിരുന്ന പാർട്ട്-1 ഇംഗ്ലീഷ് പരീക്ഷ 26ലേക്കും 26ന് നടക്കാനിരുന്ന സോഷ്യോളജി, ആന്ത്രോപോളജി ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷകൾ ഓഗസ്റ്റ് 19ലേക്ക് മാറ്റി ടൈംടേബിൾ പുനക്രമീകരിച്ചിട്ടുണ്ട്. സോഷ്യോളജി, ആന്ത്രോപോളജി ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷകൾ 19ന് രാവിലെ 9.30നും ഇംഗ്ലീഷ് പരീക്ഷ 26ന് ഉച്ചയ്ക്ക് 1.30നും നടക്കും.മറ്റു പരീക്ഷകളിൽ മാറ്റമില്ല. എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ വാർത്തയുടെ വിജയാശംസകൾ.