തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു നാളെ (ഓഗസ്റ്റ് 1) മുതൽ നിലവിൽ വരും. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണമാണ് നാളെ മുതൽ വിഭവ സമൃദ്ധമാകുന്നത്. പോഷണ കുറവുമൂലം സ്കൂൾ കുട്ടികളിൽ വിളര്‍ച്ചയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതയുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് വിവിധ തരം ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയത്. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് വിളമ്പും. ഇതോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും ഉണ്ടകും. മറ്റു ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ തയ്യാറാക്കി നൽകും. ഉച്ചഭക്ഷണത്തിനായി പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 6.78 രൂപയും ആറുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് 10.17 രൂപയുമാണ് ഒരുദിവസം അനുവദിക്കുന്നത്. എന്നാൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന ഈ തുകകൊണ്ട് പുതിയ മെനു പ്രകാരം ഉച്ചഭക്ഷണം ഒരുക്കാന്‍ കഴിയില്ലെന്നാണ് പ്രഥമാധ്യാപകരുടെ പരാതി.
