തിരുവനന്തപുരം:സംസ്ഥാനത്തെ കായിക അധ്യാപകരുടെ സംരക്ഷണത്തിന് പ്രധാന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. പ്രധാന തീരുമാനങ്ങൾ താഴെ.
സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം പുനഃക്രമീകരിക്കും
🌐2017 സെപ്റ്റംബർ 7 ലെസർക്കാർ ഉത്തരവ് പ്രകാരം 2017-18 അധ്യയന വർഷം സംരക്ഷണത്തിന് അർഹതയുണ്ടായിരുന്നതും എന്നാൽ KER-ലെ വ്യവസ്ഥകൾ പ്രകാരം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്നവരുമായ കായിക അധ്യാപകരെ സംരക്ഷിക്കുന്നതിനായി, ഇനിപറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ലാസുകളിലെ അധ്യാപക-വിദ്യാർത്ഥി അനുപാതം 1:300 ആയി പുനഃക്രമീകരിക്കും.
യുപി വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണം
🌐യു.പി. വിഭാഗത്തിൽ 1:300 എന്ന അനുപാതം കണക്കാക്കുമ്പോൾ തസ്തിക നഷ്ടപ്പെടുന്ന കായിക അധ്യാപകരെ പ്രസ്തുത സ്കൂളിലെ എൽ.പി. വിഭാഗം കൂടി ക്ലബ്ബ് ചെയ്ത് സംരക്ഷിക്കും.
ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണം
🌐സ്കൂൾ വിഭാഗം കായിക അധ്യാപകരുടെ സംരക്ഷണത്തിന് പത്താം ക്ലാസിലെ പിരീഡുകളുടെ എണ്ണവും കൂടി പരിഗണിക്കുന്നതാണ്.
യു.പി. വിഭാഗം കൂടിയുള്ള ഹൈസ്കൂളുകളിലെ സംരക്ഷണം 🌐യു.പി. വിഭാഗം കൂടിയുള്ള ഹൈസ്കൂളുകളിൽ, ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകനെ പ്രസ്തുത സ്കൂളിലെ യു.പി. വിഭാഗത്തിൽ കൂടി ക്ലബ്ബ് ചെയ്ത് സംരക്ഷിക്കും. അനുപാതം കുറച്ച് സംരക്ഷണം നൽകിയിട്ടുള്ള കായിക അധ്യാപകരെ അവരുടെ കാറ്റഗറിയിൽ തൊട്ടടുത്ത് വരുന്ന ഒഴിവുകളിൽ തന്നെ ക്രമീകരിക്കും.
ഈ തീരുമാനങ്ങൾ കായിക അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ സുഗമമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു. യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
