തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത അടക്കമുള്ള സംഘടനകൾ വൻ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുസ്ലിം സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3ന് തിരുവനന്തപുരത്താണ് ചർച്ച നടക്കുക. ഹൈസ്കൂൾ സമയം നീട്ടിയത് ഹൈക്കോടതി നിർദേശപ്രകാരമാണെന്നും മാറ്റിയ സമയം പിൻവലിക്കാൻ കഴിയില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ ഇതുവരെയുള്ള നിലപാട്. എന്നാൽ സമയമാറ്റം പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ തിക്തഫലം അനുഭവിക്കും എന്നതടക്കമുള്ള പരാമർശങ്ങൾ സമസ്തയുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. രാവിലേയും വൈകുന്നേരവുമായി 30 മിനിറ്റ് അധികം സമയമാണ് പഠനം നീട്ടിയിട്ടുള്ളത്. രാവിലെ സ്കൂൾ സമയം നേരത്തെ ആക്കിയത് മദ്രസ പഠനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ മുസ്ലിം സംഘടനകൾ രംഗത്ത് എത്തിയിട്ടുള്ളത്. സമയമാറ്റം തിരുത്തിയില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരമിരിക്കുമെന്ന് ഇ.കെ. വിഭാഗം സമസ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ സമയമാറ്റത്തിൽ പരിശോധന നടത്തണമെന്ന് കാന്തപുരവും അവശ്യപ്പെട്ടതോടെയാണ് ചർച്ച നടത്താൻ സർക്കാർ തയ്യാറായിട്ടുള്ളത്. എന്നാൽ സ്കൂൾ സമയം നീട്ടാനുള്ള നിർദ്ദേശം നൽകിയത് ഹൈക്കോടതിയാണ്. സംസ്ഥാന സർക്കാരും സംഘടനകളും തമ്മിൽ ചർച്ച നടത്തിയിയാലും സമയ മാറ്റം പ്രയോഗികമാണോ എന്ന് പരിശോധിക്കേണ്ടി വരും. അതേസമയം രാവിലത്തെ 15 മിനുട്ട് സമയം ഒഴിവാക്കി വൈകിട്ട് അരമണിക്കൂർ അധികസമയം പഠനം ഏർപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കേണ്ടി വരും.
